 
തൃശൂർ: ശമ്പളം തോന്നും പോലെ, പരിഷ്‌കരിച്ച ശമ്പളം ഒരു വർഷമായിട്ടും കിട്ടുന്നില്ല. ഇതോടെ എൻ.എച്ച്.എം ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രം പണം നൽകാത്തതിനാലാണ് ശമ്പളം നൽകാത്തതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും നൽകിയാണ് എൻ.എച്ച്.എം ജീവനക്കാർക്ക് ശമ്പളം നൽകുന്നത്.
കേന്ദ്രവിഹിതം അനുവദിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരും വിഹിതം അനുവദിക്കൂ. 2023 ജൂൺ മാസത്തിലാണ് ശമ്പള പരിഷ്‌കരണം നടത്തിയത്. വർദ്ധിപ്പിച്ച വേതനം നിലവിലുള്ള ജീവനക്കാർക്ക് ലഭിക്കാത്തപ്പോൾ പുതിയ നിയമനങ്ങൾക്കു വർദ്ധിപ്പിച്ച വേതനമാണ് നൽകുന്നതത്രെ. പ്രസവാവധി പൂർണമായും ലഭിക്കുന്നില്ലെന്നും യാത്രാബത്ത അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനത്ത് 14,000 ഓളം പേരാണ് ജോലി ചെയ്യുന്നത്.
ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, കൗൺസിലേഴ്‌സ്, ഡ്രൈവർമാർ, ലാബ് ടെക്‌നീഷ്യൻസ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് സ്ഥിരം ജീവനക്കാരുടെ ആനുകൂല്യമോ തുല്യശമ്പളമോ ലഭിക്കുന്നില്ല. അതേ സമയം ജോലിഭാരം കൂടുതലാണെന്നും പരാതിയുണ്ട്.
ജൂലായ് പത്തിന് പണിമുടക്ക്
എൻ.എച്ച്.എം ജീവനക്കാരുടെ ശമ്പളകാര്യത്തിൽ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂലായ് പത്തിന് പണിമുടക്കും. നിസഹരണ സമരത്തിന്റെ ഭാഗമായി ഒന്നു മുതൽ എല്ലാ ഫീൽഡ് തല ജോലികളും 5 മുതൽ റിപ്പോർട്ടുകൾ നൽകലും നിറുത്തിവയ്ക്കുമെന്നും ഭാരവാഹികളായ യു.പി. ജോസഫ്, മീര നിമേഷ്, സിസി പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാർ പൂഴ്ത്തിവെച്ചു
എൻ.എച്ച്.എം ജീവനക്കാരുടെ പി.എഫ് ആനൂകൂല്യം നിറുത്തിവെച്ച കേന്ദ്ര സർക്കാർ ഉത്തരവ് സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ചെന്ന് എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹികൾ. ജീവനക്കാരെ ഇക്കാര്യം അറിയിക്കാതിരുന്നത് പ്രതിഷേധാർഹമാണ്. പ്രസവാനുകൂല്യം പോലും കൃത്യമായി ലഭിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി.