
തൃശൂർ: കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി തുടങ്ങിയതോടെ സി.പി.എം നേതൃത്വം ആശങ്കയിലായി. ജില്ലാ സെക്രട്ടറിയുടെ പേരിൽ വാങ്ങിയ മൂന്ന് സെൻ്റ് സ്ഥലം അടക്കം 73 ലക്ഷത്തിന്റെ പാർട്ടി സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.
തന്റെയോ പാർട്ടിയുടെയോ സ്വത്ത് മരവിപ്പിച്ചതായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പ്രതികരിച്ചത്.പാർട്ടിയെ വേട്ടയാടുകയാണെന്നും രാഷ്ട്രീയവും നിയമപരവുമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഇ.ഡിയുടെ അടുത്ത നീക്കം എന്താണെന്ന ആശങ്കയിലാണ് സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇ.ഡി നടപടികളുണ്ടാകുമെന്ന് സി.പി.എം ഭയന്നിരുന്നു. സംഭവിച്ചത് അതിനുശേഷമാണെന്നു മാത്രം. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ജില്ലാകമ്മിറ്റിയുടെ അക്കൗണ്ട് ഇ.ഡി മരവിപ്പിക്കുകയും സി.പി.എം അക്കൗണ്ടിൽ നിന്നും പിൻവലിച്ചിരുന്ന ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ ആദായനികുതി വകുപ്പ് നിർദ്ദേശിക്കുകയും ചെയ്തു. അതുപ്രകാരം,തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ജില്ലാ സെക്രട്ടറി പണവുമായി ബാങ്കിലെത്തിയപ്പോൾ അതു പിടിച്ചെടുത്ത് അക്കൗണ്ടിൽ ചേർത്ത് അക്കൗണ്ട് വീണ്ടും മരവിപ്പിച്ചു.
കള്ളപ്പണക്കേസ് ആയതിനാൽ നിയമപരമായി പ്രതിരോധിക്കാൻ പാർട്ടിക്ക് തടസങ്ങളേറെയുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ ബിനാമി ഇടപാടുകളിൽ നിന്നു ലഭിച്ച പണം പാർട്ടി സ്വത്തുക്കൾക്കായി ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ ആക്ഷേപം. ഇക്കാര്യത്തിലെല്ലാം സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസിൽ നിന്നു ഇ.ഡി പലവട്ടം വിശദീകരണം തേടിയിരുന്നു.
തിരഞ്ഞെടുപ്പിൽ കരുവന്നൂർ ബാങ്ക് സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ജില്ലയിലെ തിരിച്ചടികളിൽ പ്രധാന കാരണങ്ങളിലൊന്ന് കരുവന്നൂരാണെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്.
ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്റെ പേരിലുള്ള പൊറത്തിശേരി പാർട്ടി ഓഫീസിന്റെ സ്ഥലവും സി.പി.എമ്മിന്റെ 43 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുമാണ് കണ്ടുകെട്ടിയത്. പാർട്ടി ചട്ടമനുസരിച്ച് എല്ലാ ഓഫീസും ജില്ലാസെക്രട്ടറിയുടെ പേരിലാണ് ഉണ്ടാകുക. ലോക്കൽ കമ്മിറ്റി സ്ഥലം സ്ഥലം വാങ്ങുന്നത് ജില്ലാ കമ്മിറ്റിയുടെ പേരിലാണ്.