മാള: പൊയ്യ പഞ്ചായത്തിൽ ഗ്യാസ് ക്രിമറ്റോറിയം ഏറെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമാകുന്നു. ക്രിമറ്റോറിയം പണിയുന്നതിന് ഭൂമിയുടെ തരം മാറ്റാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചു. പതിനൊന്നാം വാർഡിൽ പുളിപ്പറമ്പിൽ പൊയ്യ വില്ലേജിൽ സർവ്വേ നമ്പർ 355 ൽ 20 സെന്റ് ഭൂമിയാണ് ഗ്യാസ് ക്രിമറ്റോറിയം നിർമ്മിക്കാനായി സർക്കാരിൽ നിന്നും അനുവാദം കിട്ടിയത്.
പൊയ്യ പഞ്ചായത്ത് സമർപ്പിച്ച അപേക്ഷ 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് എട്ട് പ്രകാരം രൂപീകരിച്ച സംസ്ഥാനതല സമിതി കഴിഞ്ഞ മാർച്ച് 11ന് കൂടിയ യോഗത്തിൽ പരിശോധിച്ച് തീരുമാനം കൈക്കൊണ്ടു. ഇത് പരിവർത്തനപ്പെടുത്താൻ പൊയ്യ പഞ്ചായത്തിന് അനുമതി നൽകുകയായിരുന്നു. ആർ.ഡി.ഒയുടെ നടപടിക്രമങ്ങൾ കൂടി കഴിഞ്ഞാൽ ഫണ്ട് കണ്ടെത്തി നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ പഞ്ചായത്തിനാകും. പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ മുൻകരുതലെടുക്കണമെന്നും ആവശ്യമായ ജല നിർഗ്ഗമന സംവിധാനം ഒരുക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഭൂമിക്ക് പരിവർത്തനാനുമതി നൽകിയത്. അനുമതി പത്രത്തിൽ നൽകിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് കളക്ടർ ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.