തൃശൂർ: വൈദ്യുതിമേഖലയിലെ ആധുനികവത്കരണം വിവിധ സേവനങ്ങളെ വാതിൽപ്പടിയിൽ എത്തിച്ചതായി റവന്യൂ മന്ത്രി കെ.രാജൻ. ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിലുള്ള പുത്തൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വൈദ്യുതി ആവശ്യമുള്ള പ്രദേശങ്ങളിൽ ലൈൻ വലിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നുൾപ്പെടെ ഫണ്ട് ലഭ്യമാക്കും. 2030 ഓടെ സംസ്ഥാനത്തെ 50 ശതമാനം വൈദ്യുതിയും പുനരുപയോഗ ഊർജ്ജസ്രോതസിൽ നിന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഇനിയും വൈദ്യുതി ലഭ്യമാക്കാത്ത ആദിവാസി പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നുണ്ട്. 2040ഓടെ കേരളത്തെ പുനരുപയോഗ ഊർജ്ജാധിഷ്ഠിത സംസ്ഥാനമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വെട്ടുകാട് സെന്റിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ് പുത്തൂർ 33 കെ.വി സബ് സ്റ്റേഷൻ പരിസരത്തേക്ക് മാറ്റുന്നതിന് പ്ലാൻ ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ ചെലവാക്കി. പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സുന്ദരി മോഹൻദാസ്, രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.