തൃശൂർ: സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കുന്ന അക്കാഡമിക് കലണ്ടറിനെതിരെ ആറാം പ്രവൃത്തി ദിനമായി നടക്കുന്ന ക്ലസ്റ്റർ യോഗം കെ.പി.എസ്.ടി.എയും എൻ.ടി.യുവും ബഹിഷ്‌കരിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്‌കൂളുകളിൽ അക്കാഡമിക് കലണ്ടറിന്റെ പേരിൽ വേർതിരിവ് ഉണ്ടാക്കാതെ ഈ വർഷം 200 അദ്ധ്യയന ദിവസമായി പരിമിതപ്പെടുത്തി കലണ്ടർ പുനക്രമീകരിക്കണമെന്ന് കെ.പി.എസ് ടി.എ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.ജയപ്രകാശ് അദ്ധ്യക്ഷനായി. ചാണ്ടി ഉമ്മൻ എം.എൽ.എ പതാക കൈമാറി. കെ.എസ്. സുഹൈർ, പി.സി. ശ്രീപത്മനാഭൻ, ടി.എ. ഷാഹിദ റഹ്മാൻ, സാജു ജോർജ്, എ.എം. ജയ്‌സൺ, ടി.യു. ജയ്‌സൺ എന്നിവർ സംസാരിച്ചു.
സർക്കാറിന്റെ വികലമായ വിദ്യാഭ്യാസനയങ്ങൾക്കെതിരെ എൻ.ടി.യു തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ യോഗം ബഹിഷ്‌കരിച്ചു. തൃശൂർ ഹോളി ഫാമിലി സ്‌കൂളിൽ പ്രതിഷേധ പരിപാടിയിൽ സർക്കാറിന്റെ വിദ്യാഭ്യാസ കലണ്ടർ കത്തിച്ച് പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് സി.എസ്. ബൈജു ഉദ്ഘാടനം ചെയ്തു. എൻ.ടി.യു തൃശൂർ ഈസ്റ്റ് സബ് ജില്ലാ സെക്രട്ടറി പി.എസ്. നാരായണൻ, ഷിബ, സന്ധ്യ, രാജേഷ്, രാഹുൽ, റോഷ്, പി. സതീശൻ എന്നിവർ നേതൃത്വം നൽകി.