
കൊടുങ്ങല്ലൂർ : ടെൻഡർ ഏറ്റെടുക്കാൻ ആളില്ലാതായതോടെ, പെരുംതോട് വലിയതോട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നവീകരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നുതവണ തോട് നവീകരിക്കാൻ ടെൻഡർ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ ആളില്ലായിരുന്നു. ഒരു വർഷം നവീകരണം നടക്കാതെയായതോടെ തോടിന്റെ പല ഭാഗങ്ങളിലും കുളവാഴകളും പുല്ലും വ്യാപിച്ചു. തോട്ടിൽ പ്ലാസ്റ്റിക്കും മറ്റും നിറഞ്ഞ് ഒഴുക്കും നിലച്ചു. കൊതുകും പെരുകി. അസഹ്യമായ ദുർഗന്ധവും പരന്നു. ഇതുമൂലം തോടിന് സമീപം താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ പലതായി.
പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട്, എന്നീ പഞ്ചായത്തുകളിലൂടെ 14.71 കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്നതാണ് പെരുംതോട് വലിയ തോട്. പെരിഞ്ഞനം തോണികുളം മുതൽ തോട് അവസാനിക്കുന്ന എറിയാട് പഞ്ചായത്തിലെ അറപ്പ തോട് വരെയും പടന്ന തോട് വരെയും വൃത്തിയാക്കലും ചിലയിടങ്ങളിൽ കയർ ഭൂവസ്ത്രം വിരിക്കൽ, തീറ്റപ്പുൽ കൃഷി, താറാവ് കൃഷി, ഫലവൃക്ഷ തൈനടീൽ, കൽ ഭിത്തികെട്ടൽ, തോടിന്റെ ആഴം കൂട്ടൽ, സ്ളൂയിസ് കം ബ്രിഡ്ജ് നിർമ്മിക്കൽ തുടങ്ങിയ പ്രവൃത്തികൾ മുൻകാലങ്ങളിൽ നടന്നിരുന്നു. ഇതിന്റെ ഭാഗമായി പെരുംതോട് വലിയ തോട് കോർഡിനേറ്റർ പി.രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പ്രസിഡന്റ് പെരുംതോട് വലിയ തോട് ജനറൽ കൺവീനർ കൂടിയായ സി.കെ.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അജിതൻ, എം.എസ്.മോഹനൻ, സീനത്ത് ബഷീർ, വിനീത മോഹൻദാസ്, ശോഭന രവി തുടങ്ങിയവർ പങ്കെടുത്തു.
പെരുംതോട് കടന്നുപോകുന്ന അഞ്ച് പഞ്ചായത്തിലും ജനപ്രതിനിധികളും കലാസാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രവർത്തകരും ഒന്നിച്ച് ജൂലായ് 20ന് പെരുന്തോട് വലിയതോട് ശുചീകരണത്തിന് ഇറങ്ങും. ഇതിനായി പഞ്ചായത്ത് തലത്തിൽ വിപുലമായ യോഗം വിളിച്ച് ചേർക്കും
ഇ.ടി.ടൈസൺ മാസ്റ്റർ
എം.എൽ.എ