1

തൃശൂർ: മലയാള ഭാഷയിലെ നവോത്ഥാന ശ്രമങ്ങളുടെ ഉറച്ച ശബ്ദമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചനകളെന്ന് പ്രശസ്ത നിരൂപകൻ ആഷാ മേനോൻ. തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ തപസ്യ സംഘടിപ്പിച്ച മാടമ്പ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാടമ്പ് പുരസ്‌കാരം നടനും എഴുത്തുകാരനുമായ ശ്രീനിവാസന് തൃപ്പൂണിത്തുറയിലെ വസതിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ വിശിഷ്ടാതിഥിയായി. തപസ്യ സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരൻ മാടമ്പ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കവി കല്ലറ അജയൻ ശ്രീനിവാസന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി സി.സി. സുരേഷ്, ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരൻ, ജനറൽ സെക്രട്ടറി ഷാജു കളപ്പുരയ്ക്കൽ, സെക്രട്ടറി സുനിത സുകുമാരൻ തുടങ്ങിയവരും സംസാരിച്ചു.