
തൃശൂർ : ഡോക്ടർ അകത്തുണ്ട്, പക്ഷേ ഫീസിനെ പേടിക്കേണ്ട !. സൗജന്യ സേവനവുമായി ഒരു ഡോക്ടറുണ്ട്, തൃശൂർ അവിണിശേരിയിലെ ആനക്കല്ല് എന്ന ഗ്രാമത്തിൽ. ഗ്രാമത്തിലെ പുരോഗമന കലാസമിതിയിലെ ക്‌ളിനിക്കിലാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഡോ.വി.വി.ഉണ്ണിക്കൃഷ്ണൻ എന്ന ആനക്കല്ലുകാരുടെ ' ഉണ്ണിയേട്ടൻ ' എന്ന ജനകീയ ഡോക്ടറുടെ സൗജന്യ സേവനം.
മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, ആരോഗ്യ സർവകലാശാലയിലെ അക്കാഡമിക് ഡീൻ, മെഡിക്കൽ കോളേജ് ഫിസിയോളജി വിഭാഗം മേധാവി തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിക്കുമ്പോഴും ക്ലിനിക്കിലുണ്ടാകും. വിരമിച്ച ശേഷവും സേവനപാതയിലാണ് ഡോക്ടർ.
എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലിനിക് പ്രവർത്തിക്കുക. ശരാശരി നാൽപ്പതോളം പേർ ചികിത്സ തേടിയെത്തും. കുട്ടികൾ മുതൽ പ്രായമായവർ വരെ അതിലുണ്ടാകും. കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന ഒരു വിഭാഗം ഡോക്ടർമാർക്കെതിരെ വ്യാപക പരാതി ഉയരുമ്പോഴാണ് ഡോക്ടറുടെ ജനകീയ മുഖം നിറഞ്ഞുനിൽക്കുന്നത്.
വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയാണ് സമയമെങ്കിലും ചികിത്സ തേടിയെത്തുന്ന എല്ലാവരെയും പരിശോധിച്ചേ മടങ്ങൂ. അറുപതിലേറെ പേർ വരുന്ന ദിവസങ്ങളുണ്ട്. സർക്കാർ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ചപ്പോഴാണ് സമിതി പ്രവർത്തകർ ഈ നിർദ്ദേശം ഡോക്ടർക്ക് മുന്നിൽവച്ചത്. ഡോക്ടറുടെ അച്ഛനും സുഹൃത്തുക്കളും ചേർന്ന് 1952ൽ തുടക്കം കുറിച്ച പുരോഗമന കലാസമിതി പ്രവർത്തകരുടെ നിർദ്ദേശം പൂർണമനസോടെ ഡോക്ടർ ഏറ്റെടുത്തു.
സർവീസ് കാലയളവിൽ സ്വകാര്യ പ്രാക്ടീസ് നടത്താതെ മുന്നോട്ടുപോയ ഡോക്ടർ സമിതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായത് സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയും ആരോഗ്യ സർവകലാശാലയിലെ ആദ്യത്തെ അക്കാഡമിക് ഡീനുമായിരുന്നു. ഏപ്രിൽ 30നാണ് തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ചത്. ഭാര്യ ചന്ദ്രകാന്ത. സാങ്കേതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷം ആ രംഗത്ത് പ്രവർത്തിക്കുകയാണ് ഏകമകൻ അജിത്ത് കൃഷ്ണൻ.
സേവന സന്നദ്ധരായി സമിതി പ്രവർത്തകർ
ഡോക്ടർ ക്ലിനിക്കിൽ എത്തുമ്പോഴേക്കും നിശ്ചയിക്കപ്പെട്ട സമിതി പ്രവർത്തകർ അവിടെയുണ്ടാകും. ഡോക്ടറെ കാണാൻ വരുന്നവരുടെ പേര് വിവരങ്ങൾ എഴുതി വച്ച് രോഗികളെ ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞുവിടും. എല്ലാ ആഴ്ചകളിലും ആരാണ് സേവനത്തിന് വരേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിക്കും. അറുപതോളം അംഗങ്ങളുള്ള സമിതിയുടെ പ്രസിഡന്റ് അരവിന്ദ് പരമേശ്വരനും സെക്രട്ടറി എൻ.ആർ.മുരളീധരനുമാണ്.
താൻ പഠിച്ച വിദ്യ മറ്റൊരാൾക്ക് പ്രയോജനപ്പെടാതെ വന്നാൽ ആ മേഖലയിൽ പരാജയപ്പെട്ടുവെന്നാണ് അർത്ഥം. അതുകൊണ്ട് ചെയ്യാൻ സാധിക്കുന്ന നന്മ ചെയ്യുക, അതാണ് ലക്ഷ്യം.
ഡോ.വി.വി.ഉണ്ണിക്കൃഷ്ണൻ
റിട്ട.വൈസ് പ്രിൻസിപ്പൽ
മെഡിക്കൽ കോളേജ്