
കൊടുങ്ങല്ലൂർ : അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയി എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി രക്ഷിച്ച് കരയിലെത്തിച്ചു. വലപ്പാട് സ്വദേശികളായ 50 മത്സ്യതൊഴിലാളികളെയാണ് ശക്തിയായ കാറ്റിലും മഴയിലും രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചത്.
വലപ്പാട് പള്ളത്ത് മനു കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വരുണൻ എന്ന ഇൻബോർഡ് വള്ളമാണ് പുലർച്ചെ കടലിൽ പത്ത് കിലോമീറ്റർ അകലെ കാര വടക്ക് പടിഞ്ഞാറ് ഭാഗത്ത് എൻജിൻ നിലച്ച് കുടുങ്ങിയത്.
ഇന്നലെ രാവിലെ എട്ടോടെയാണ് വള്ളവും തൊഴിലാളികളും കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്.പോളിന്റെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം.ഷൈബു, വി.എൻ.പ്രശാന്ത്കുമാർ, ഇ.ആർ.ഷിനിൽ കുമാർ, റെസ്‌ക്യൂ ഗാർഡുമാരായ പ്രമോദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മൂന്ന് പേർക്ക് പരിക്ക്
കൂരിക്കുഴി കമ്പനിക്കടവിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കൂരിക്കുഴി സ്വദേശി തൈക്കാട് സുരേഷിന്റെ ഭാഗ്യമാല എന്ന മൂട് വെട്ടി വള്ളമാണ് അപകടത്തിൽപ്പെട്ടത്. മീൻപിടിത്തത്തിനായി കരയിൽ നിന്നും കടലിലേക്ക് ഇറക്കവേ ശക്തമായ തിരമാലയിൽപെട്ട് വള്ളം മറിഞ്ഞു. ഉടമ സുരേഷ്, വിബിൻ, രാജേഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്ന് പേരും സാഹസികമായി നീന്തിക്കയറി രക്ഷപ്പെട്ടു. മറിഞ്ഞ വള്ളവും കരയ്ക്കടുപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻജിനും, വള്ളത്തിനും കേടുപാടുണ്ടായി.
പഴക്കം അപകടം വരുത്തുന്നു ?
വാർഷിക അറ്റകുറ്റപണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നതും മൂലം കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഈ ആഴ്ചയിൽ നാലാമത്തെ യാനമാണ് ഇത്തരത്തിൽ കടലിൽ അകപ്പെടുന്നത്.
ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറൈൻ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണ്.
കെ.വി.സുഗന്ധകുമാരി
ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.