
വടക്കാഞ്ചേരി: സമ്പൂർണ അറ്റകുറ്റപ്പണിക്കായി അത്താണി മാർക്കറ്റ് മൂന്നുദിവസം അടച്ചിടും. മാർക്കറ്റിന്റെ ശോചനീയാവസ്ഥ കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. മൂന്ന് ദിവസം മാർക്കറ്റിലെ മത്സ്യമാംസവ്യാപാര സ്ഥാപനങ്ങളടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അത്താണി വടക്കാഞ്ചേരി പട്ടണങ്ങളിൽ നഗരസഭയുടെ അത്യാധുനിക മാർക്കറ്റെന്ന പദ്ധതിക്ക് കാത്തിരിപ്പേറും. കോടികളുടെ പദ്ധതിക്ക് പണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കിഫ്ബി ഫണ്ട് ലഭിക്കുമെന്നത് പ്രതീക്ഷ മാത്രമാണെന്ന് ആക്ഷേപമുണ്ട്. അത്താണി മാർക്കറ്റിന് 10.159 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ആകെ 30.89 സെന്റ് സ്ഥലത്തിലാണ് മാർക്കറ്റ് നിലനിൽക്കുന്നത്.