കേച്ചേരി: തലക്കോട്ടുകര എറാട്ടുകുളം പരിസരത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാകുന്നു. കാട്ടുപന്നി ആക്രമണം മൂലം കർഷകരും പ്രദേശ വാസികളും ദുരിതത്തിലാണ്. കുറ്റിക്കാട്ട് ജോസഫ്, കെ.കെ.സേവി, കൊളളന്നൂർ ജോർജ് എന്നിവരുടെ വാഴകളാണ് കഴിഞ്ഞദിവസം കാട്ടുപന്നി കൂട്ടം നശിപ്പിച്ചത്. തെക്കുമുറിപാടത്ത് വയൽ വരമ്പുകൾ വ്യാപകമായി പന്നികൾ കുത്തിയിളക്കി തകർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ പറയുന്നു. പെരുമലയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിലും പരിസരത്തുമാണ് കാട്ടുപന്നികൾ താവളമുറപ്പിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടു പന്നികൾ കൃഷി നശിപ്പിക്കുന്ന വിവരമറിഞ്ഞിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി. കർഷകർ സംഘടിച്ച് സമരം ചെയ്യേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നതായും കർഷകർ പറയുന്നു.