cpm

കൊടുങ്ങല്ലൂർ: കെ.യു. ബിജു രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം ലോക്കൽ കമ്മിറ്റിയുടെയും വിവിധ ബ്രാഞ്ചുകളുടെയും ആഭിമുഖ്യത്തിൽ നഗരത്തിലും പരിസരത്തും ശുചീകരണം നടത്തി. ചാത്തേടത്ത് പറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാർഡിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു. നഗരശുചീകരണം ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.പി. പ്രബേഷ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, കൗൺസിലർമാരായ സി.എസ്. സുവിന്ദ്, ചന്ദ്രൻ കളരിക്കൽ, ടി.കെ. മധു, കെ.കെ. ഹാഷിക്ക്, ടി.എ. സ്വാതി എന്നിവർ പ്രസംഗിച്ചു.

15 ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കെ.യു. ബിജുവിന്റെ രക്തസാക്ഷിത്വ ദിനാചരണം സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് രണ്ടിന് നടത്തും. 134 ബ്രാഞ്ചുകളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും. രാവിലെ ഒമ്പതിന് പൊലീസ് മൈതാനിയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ പതാക ഉയർത്തും. ബിജുവിന്റെ വീട്ടിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് 4.30ന് 11 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ പൊതുസമ്മേളനവും നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.