bharaheey

ഇരിങ്ങാലക്കുട: മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്ന സാഹചര്യത്തിൽ പൊലീസ് പൂർണ സജ്ജമെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ. ഇതുവരെ നിലവിലുണ്ടായിരുന്ന ഇന്ത്യൻ പീനൽകോഡ്, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയുടെ സ്ഥാനത്ത് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ് നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് നടപ്പിലാകുന്നത്.

ഇന്ന് മുതൽ എല്ലാ പൊലീസ് സ്റ്റേഷനിലും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും തുടർ നടപടിക്രമം സ്വീകരിക്കുന്നതും പുതിയ ക്രിമിനൽ നിയമമനുസരിച്ചായിരിക്കും. തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ മുഴുവൻ പൊലീസദ്യോഗസ്ഥർക്കും പുതിയ നിയമങ്ങൾ പ്രയോഗതലത്തിൽ കൊണ്ടുവരുന്നതും കേസന്വേഷണം നടത്തുന്നതും സംബന്ധിച്ച് പഠന ക്ലാസ് നൽകിയിട്ടുണ്ട്. പൊലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തി. പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിൽ വരുന്ന പശ്ചാത്തലത്തിൽ വിവിധ ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 ന് നടക്കുന്ന ചടങ്ങുകൾക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും, സബ് ഡിവിഷണൽ ഓഫീസർമാരും നേതൃത്വം വഹിക്കും.