തിരുവനന്തപുരം: മഴക്കാലത്ത് നഗരം മുങ്ങാൻ കാരണമാകുന്ന ആമയിഴഞ്ചാൻ തോടിന് ഇനിയും ശാപമോക്ഷമില്ല. മാലിന്യം മാറ്റി തോട് വൃത്തിയാക്കിയെന്ന് നഗരസഭയും മറ്റ് വകുപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും ഓരോ ദിവസവും തോട്ടിലേക്കെത്തുന്ന മാലിന്യത്തിന്റെ അളവ് വർദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ പെയ്ത മഴയിൽ നഗരം മുങ്ങിയപ്പോൾ തോട് വൃത്തിയാക്കുന്ന ജോലികൾ പേരിന് ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.
കഴിഞ്ഞ ജൂലായിൽ ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കിയ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു എതിർവശം, പുത്തരിക്കണ്ടം മൈതാനത്തിനരികിലൂടെ കടന്നുപോകുന്ന ഭാഗം, തകരപ്പറമ്പ് എന്നിവിടങ്ങളിൽ നിലവിൽ മാലിന്യക്കൂമ്പാരമാണ്. നൂറുകണക്കിന് ചാക്കുകളിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. ജലമൊഴുക്കും നിലച്ചു.
പഴവങ്ങാടി- തകരപ്പറമ്പ് ഭാഗത്തെ അരക്കിലോമീറ്റർ ദൂരത്തിൽ നിന്ന് ഏഴു ലോഡ് മാലിന്യമാണ് അന്ന് നീക്കംചെയ്തത്. ഇതിനായി 20 ലക്ഷം രൂപ ചെലവഴിച്ചു. കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് പണം അനുവദിച്ചത്. മഴയിൽ കുറേ മാലിന്യം ഒഴുകിപോയെങ്കിലും നിലവിൽ ഇരട്ടിയിലധികം മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ട്. പലയിടങ്ങളിലും തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ വേലി ഉയർത്തിക്കെട്ടിയിരുന്നെങ്കിലും ചിലയിടങ്ങളിൽ ഇത് പൊളിഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്തുകൂടിയാണ് മാലിന്യമിടുന്നത്.
പഴിചാരി തടിയൂരി അധികാരികൾ
തോടിന്റെ ബേക്കറി മുതൽ കണ്ണമ്മൂല വരെയുള്ള 5.8 കിലോമീറ്റർ ദൂരം മഴക്കാലപൂർവ ശുചീകരണ പദ്ധതിയിലുൾപ്പെടുത്തി വൃത്തിയാക്കാൻ ഇറിഗേഷൻ വകുപ്പിന് എട്ടുലക്ഷം രൂപ വകയിരുത്തിയിരുന്നു. കൃത്യസമയത്ത് മാലിന്യനീക്കം നടക്കാതായതോടെ മലിനജലത്തിലെ കൊതുകുകളെക്കൊണ്ട് സമീപവാസികൾ പൊറുതിമുട്ടി. പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയെങ്കിലും ഇറിഗേഷൻ വകുപ്പും കോർപ്പറേഷനും പരസ്പരം പഴിചാരി തടിയൂരി. ഒടുവിൽ കളക്ടർ നേരിട്ടെത്തിയാണ് മാലിന്യം നീക്കാൻ നടപടിയെടുത്തത്. റോഡിലേക്ക് കോരിയിട്ട ലോഡ് കണക്കിന് മാലിന്യം നീക്കം ചെയ്തു. ഇത് ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിൽ നെയ്യാർ ഡാം പരിസരത്തുള്ള സ്ഥലത്തേക്ക് സംസ്‌കരിക്കാനായി കൊണ്ടുപോയി.
എല്ലാവരും കാരണക്കാർ
ഒബ്സർവേറ്ററി ഹില്ലിൽനിന്ന് ഉത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിലേക്ക് ഒഴുകുന്ന ആമയിഴഞ്ചാൻ തോടിന് ആകെ 12 കി. മീറ്ററാണ് നീളം. ബേക്കറി ജംഗ്ഷൻ, പഴവങ്ങാടി, തകരപ്പറമ്പ് എന്നിവിടങ്ങളിലേക്ക് എത്തുമ്പോഴേക്കും അക്ഷരാർത്ഥത്തിൽ മാലിന്യത്തോടായി മാറും. തോടിന്റെ 119 മീറ്റർ റെയിൽവേ ലൈനിന് കീഴിലൂടെയാണ്. ഇവിടം വൃത്തിയാക്കാൻ റെയിൽവേ തയ്യാറാകാത്തതാണ് മാലിന്യക്കൂമ്പാരത്തിനു കാരണമെന്ന് ജനപ്രതിനിധികൾ രണ്ടു വർഷങ്ങൾക്കുമുമ്പ് ആരോപിച്ചിരുന്നു.
എന്നാൽ, ജനങ്ങളും വിവിധ മാർക്കറ്റുകളിൽനിന്ന് വലിച്ചെറിയുന്നതുമായ മാലിന്യവും ഇതിന് കാരണമാകുന്നു എന്നതാണ് വസ്തുത. പാർവതി പുത്തനാർ, ആമയിഴഞ്ചാൻ തോട്, തെറ്റിയാർ, പട്ടം തോട് തുടങ്ങി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന തോടുകൾ ആക്കുളം, വേളി കായലുകളിലേക്കാണ് ഒഴുകുന്നത്. അതോടെ മാലിന്യം വേളി പൊഴിയിലെത്തുകയും മഴക്കാലത്തു പൊഴി മുറിഞ്ഞ് കടലിൽ ചേരുകയും ചെയ്യുന്നു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ തോടിന്റെ കരയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും ഫലം കണ്ടില്ല.