വർക്കല: വർക്കലയിൽ തെരുവുനായ്ക്കൾ ഭീതി പരത്തുന്നു. ശിവഗിരി റെയിൽവേ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുന്നമൂട് - വർക്കല ക്ഷേത്രം റോഡ്, പാപനാശം, താലൂക്ക് ആശുപത്രി പരിസരം, പൊലീസ് സ്റ്റേഷനു സമീപം, കണ്വാശ്രമം, വട്ടപ്ലാമൂട്, എസ്.എൻ കോളേജ് ജംഗ്ഷൻ, പുത്തൻചന്ത എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകൾ ഉൾപ്പെടെ പ്രദേശത്ത് പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ കമ്പും വടിയുമെല്ലാം കൈയിൽ കരുതേണ്ട അവസ്ഥയാണ് നിലവിൽ. ടൂറിസം മേഖലയായ തിരുവമ്പാടിയിൽ ആഴ്ചകൾക്ക് മുൻപ് മൂന്നു ദിവസങ്ങളിലായി ഏഴുപേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ബാംബൂ ഹൗസ് റിസോർട്ട് മാനേജർ സണ്ണിയുടെ കഴുത്തിനാണ് കടിയേറ്റത്. പ്രദേശവാസികളായ മറ്റുള്ളവരുടെ കൈ കാലുകളിലും കടിയേറ്റു. എവിടെനിന്നോ എത്തിയ രാജപാളയം ഇനത്തിലുള്ള വലിയ നായയാണ് കടിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭ ജീവനക്കാരെത്തി പട്ടിയെ പിടികൂടി. മാർച്ച് -ഏപ്രിൽ മാസങ്ങളിൽ 22 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.
റെയിൽവേ സ്റ്റേഷൻ പ്രധാന താവളം
ട്രെയിൻ യാത്രയ്ക്കായി പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം പതിവാണ്. ടിക്കറ്റ് കൗണ്ടറിനു സമീപവും പ്ലാറ്റ്ഫോമുകളും പരിസരങ്ങളുമെല്ലാം നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. വൃദ്ധരും കുട്ടികളുമടങ്ങുന്ന യാത്രക്കാർ ഭീതിയോടെയാണ് പ്ലാറ്റ്ഫോമുകളിലൂടെ സഞ്ചരിക്കുന്നത്. റെയിൽവേ പുറംപോക്കുകളിലെയും സ്റ്റേഷൻ പരിസരത്തെയും കുറ്റിക്കാടുകളിൽ മാലിന്യനിക്ഷേപം വ്യാപകമായതിനാലാണ് തെരുവുനായ്ക്കൾ ഇവിടെ താവളമടിക്കാൻ കാരണം. പകൽ സമയങ്ങളിൽ നായ്ക്കൾ ശാന്തരായി കാണപ്പെടുന്നുണ്ടെങ്കിലും രാത്രിയിൽ ഇവ അക്രമണകാരികളാവുന്നു.
എ.ബി.സി പദ്ധതി പൂർണമായില്ല
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായി ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം. നായ്ക്കളുടെ വന്ധ്യംകരണവും വാക്സിനേഷനുമാണ് കൂടുതൽ അഭികാമ്യമെന്നതിനാലാണ് പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കാൻ തീരുമാനമായത്. 2022-23 വർഷത്തിൽ പദ്ധതിക്കായി വർക്കല നഗരസഭ ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ലെന്നാരോപിച്ച് നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാർ മാസങ്ങൾക്കു മുമ്പ് പ്രതിഷേധ സമരം നടത്തിയിരുന്നു. സമീപ പഞ്ചായത്തുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ. ഇതിനായി നഗരസഭ 10ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ചെമ്മരുതി പഞ്ചായത്തിൽ എ.ബി.സി കേന്ദ്രത്തിന്റെ 80 ശതമാനത്തോളം ജോലികൾ പൂർത്തിയായി.