
കല്ലമ്പലം: കാലങ്ങളായി നടക്കുന്ന ദേശീയപാത നിർമ്മാണം കാരണം ദുരിതം അനുഭവിക്കുന്നത് ഈ വഴിയുള്ള വാഹനയാത്രക്കാരും നാട്ടുകാരുമാണ്. ഒച്ചിഴയും വേഗത്തിൽ നടന്ന നിർമ്മാണം മഴക്കാലമായതോടെ പൂർണമായും നിലച്ചു. 29 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം- കടമ്പാട്ടുകോണം ദേശീയപാതയുടെ പലസ്ഥലങ്ങളിലും അപകടക്കെണികളാണ്. നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ വെളിച്ചമോ അപകട മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. സർവീസ് റോഡിനും ഓടയ്ക്കുമായി റോഡ് ഇടിച്ചു താഴ്ത്തിയതിനാൽ പലർക്കും സ്വന്തം സ്ഥാപനങ്ങളിലും വീടുകളിലും പോകാൻ പറ്റാറില്ല. ചിലർ സ്ഥാപനങ്ങൾ പൂട്ടി സ്ഥലം വിടുകയും ചെയ്തു.
ഒപ്പം ബൈപ്പാസിന്റെ നിർമ്മാണവും ഒച്ചിഴയും വേഗത്തിൽ തന്നെയാണ് നടക്കുന്നത്. ഇവിടെയും അപകടങ്ങളും പതിവാണ്. ദേശീയപാതാനിർമ്മാണം പൂർത്തിയാകുമ്പോൾ കടുവാപ്പള്ളി- മാമം വരെയുള്ള നിലവിലെ ബൈപ്പാസ് റോഡ് ദേശീയപാതയായി മാറും. ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാകും.
 ആക്സിഡന്റ് സോൺ
ബൈപ്പാസ് കടന്നുപോകുന്ന പല ഭാഗങ്ങളും നിലവിൽ അപകടക്കെണികളാണ്. കടയ്ക്കാവൂർ തൊപ്പിച്ചന്തയിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്തെ കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. അന്ന് പ്രതിഷേധം ശക്തമായപ്പോൾ ഈ ഭാഗം അടച്ചെങ്കിലും അതേപാതയുടെ മറുഭാഗം ഇപ്പോഴും തുറന്നു കിടക്കുകയാണ്. ആലംകോട് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ നിർമാണം നടക്കുന്ന കുഴിയിലേക്ക് പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. സ്ഥിരം അപകടമേഖലയായ ചെമ്പകമംഗലം കാരിക്കുഴിക്ക് സമീപം ഭൂരിഭാഗം സ്ഥലത്തും ഡിവൈഡറുകൾ സ്ഥാപിച്ചിട്ടില്ല.
 അപകടഭീഷണിയിൽ വീടുകൾ
മണമ്പൂർ ആഴാംകോണം ഭാഗത്ത് റോഡിന്റെ വശത്ത് 20 അടിയോളം ഉയരത്തിലുള്ള മൺഭിത്തി പലയിടത്തും ഇടിയുകയാണ്. സമീപത്തെ വീടുകൾ പലതും അപകടഭീഷണിയിലാണ്. മണമ്പൂർ എം.എൽ.എ പാലം റോഡിൽ ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ മഴവെള്ളം കെട്ടിനിന്ന് ചെളിക്കെട്ടായി മാറി.
 അപകടം ഉറപ്പ്
കല്ലമ്പലം മുതൽ പാരിപ്പള്ളി വരെ നിലവിലുള്ള റോഡിനിരുവശവും പുതിയ റോഡിനായി മണ്ണിട്ടുയർത്തിയെങ്കിലും ഇവിടെ ടാർ ചെയ്യാത്തതിനാൽ പലയിടത്തും മഴവെള്ളത്തിനൊപ്പം മണ്ണ് ഒലിച്ച് റോഡിലേക്കിറങ്ങി. ഇവിടെ വേഗത കുറച്ചുമാത്രമേ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയൂ.