photo

തിരുവനന്തപുരം: മഴ പെയ്താൽ പൂജപ്പുര ചെറുകരയിലെ 150ഓളം കുടുംബങ്ങൾക്ക് നെഞ്ചിൽ തീയാണ്. സമീപത്തു കൂടി ഒഴുകുന്ന ചെറുകര- ചാടിയറ തോട് കരകവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറുന്നതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴയിൽ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. എട്ടുവർഷമായി ഈ ദുരവസ്ഥ തുടരുന്നു.

ചെറുകര മുതൽ ചാടിയറ വരെ ഒന്നര കിലോമീറ്റർ നീളത്തിലാണ് തോട് ഒഴുകുന്നത്. രണ്ടര മീറ്റർ വീതിയുള്ള തോടിന് പാർശ്വഭിത്തി ഇല്ലാത്തതാണ് തോട് കരകവിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അരുവിക്കര ഡാമിലെ ഷട്ടറുകൾ തുറക്കുമ്പോൾ കിള്ളിയാറ്റിലെത്തുന്ന ജലമാണ് തോട്ടിലൂടെ വീടുകളിലെത്തുന്നത്.

വശങ്ങൾ കൈയേറി മതിൽ നിർമ്മിച്ചത് തോടിന്റെ വീതി കുറയാൻ കാരണമായിട്ടുണ്ട്. നടുതല ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കായി- പാതിരാപ്പള്ളി റോഡ് അവസാനിക്കുന്നിടത്തെ ജനങ്ങളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. മഴക്കാലത്ത് തുടർച്ചയായി വെള്ളം കെട്ടുന്നത് വീടുകളെ അപകട ഭീഷണിയിലാക്കുന്നുണ്ട്. കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിൽ ഇവിടെയുള്ള ഇന്റർലോക്ക് പാത നിരവധി തവണ തകർന്നു. വീടുകളുടെ മതിലും ഇടിഞ്ഞു. കൃഷിയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വർഷങ്ങളായി ഇവിടെ കൃഷിയും ചെയ്യാനാകുന്നില്ല. പാർശ്വഭിത്തികൾ നിർമ്മിച്ചാൽ തോട്ടിലെ ജലനിരപ്പ് ഉയരുന്നത് തടയാമെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതരോട് പല പ്രാവശ്യം പരാതിപ്പെട്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവരുടെ പരാതി.

മൈനർ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി വരുന്ന പദ്ധതിയാണ് ഇത്.ഫണ്ട് ഇല്ല എന്ന് പറഞ്ഞാണ് അധികൃതർ ഒഴിയുന്നത്.നിരവധി തവണ കത്തുകൾ നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

-വി.വി.രാജേഷ്

പൂജപ്പുര വാർഡ് കൗൺസിലർ