
തിരുവനന്തപുരം: സ്കൂളുകൾക്ക് മുന്നിലെ റോഡ് പണിപോലും പൂർത്തിയാകാത്തതിനാൽ കുട്ടികളെ എങ്ങനെ സ്കൂളിൽ വിടും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ജൂൺ 3ന് പ്രവേശനോത്സവം നടക്കാനിരിക്കെ നഗരത്തിലെ മിക്ക സ്കൂളുകൾക്കു മുന്നിലെയും റോഡുപണി പൂർത്തിയായിട്ടില്ല. സ്മാർട്ട്സിറ്റി പദ്ധതിക്ക് വേണ്ടിയാണ് ഒട്ടുമിക്ക റോഡുകളും കുഴിച്ചിട്ടിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിനു മുൻപ് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും മഴ കടുത്തതോടെ പണി 'വെള്ളത്തിലായി'. തോടുകൾക്ക് സമാനമായ അവസ്ഥയാണിപ്പോൾ റോഡുകൾക്ക്.
ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ...
ബേക്കറി ജംഗ്ഷനും ജഗതി - ആകാശവാണി റോഡും വന്നുചേരുന്ന വഴുതക്കാട് ജംഗ്ഷനിൽ റോഡിനടിയിൽ കേബിളുകൾ ഇടുന്ന പണി പൂർത്തിയായിട്ടില്ല.വഴുതക്കാട്,പാളയം,പൂജപ്പുര,ജഗതി ഭാഗങ്ങളിൽ നിന്ന് കോട്ടൺഹിൽ,കാർമ്മൽ എന്നീ സ്കൂളുകളിലേക്ക് വരുന്ന റോഡാണിത്. മഴ പെയ്തതോടെ കുഴി തോടിന് സമാനമായി. സൂക്ഷിച്ചില്ലെങ്കിൽ കുഴിയിൽ വീണതുതന്നെ. പാങ്ങോട്,തിരുമല ഭാഗത്ത് നിന്നുവരുന്ന യാത്രക്കാരെ ചിലപ്പോൾ വെള്ളയമ്പലം വഴിയും ചിലപ്പോൾ എം.പി അപ്പൻ റോഡിലൂടെയുമാണ് വഴിതിരിച്ചുവിടുന്നത്. ഒരുവശത്ത് റോഡ് പണി നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം ബുദ്ധിമുട്ടാണ്. വാഹനങ്ങൾ മണിക്കൂറുകൾ കാത്തുനിന്നാണ് സഞ്ചരിക്കുന്നത്.
ഓടയുണ്ട്, സൂക്ഷിക്കുക...
4000ലേറെ കുട്ടികൾ പഠിക്കുന്ന വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിലേക്ക് വഞ്ചിയൂർ ജംഗ്ഷനിൽ നിന്ന് വരുന്ന റോഡിന്റെ പണിയും ഇഴയുകയാണ്.സ്കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കുന്നത് റോഡ് റോളറുകളും പണിക്കിറക്കിയ മെറ്റലുകളുമാണ്.ഇരുചക്രവാഹനങ്ങൾ കടത്തിവിടുമെങ്കിലും വീഴാൻ സാദ്ധ്യതയുണ്ട്. റോഡിന് ഇരുവശത്തെ ഓടകളും മൂടിയിട്ടില്ല.കേബിളുകളും കമ്പികളും യാത്ര ദുഷ്കരമാക്കുന്നു. സ്കൂൾ ബസിനും കടന്നുപോകാനാവില്ല. മാൻഹോളുകളുടെ പണി ബാക്കിയായതിനാൽ മലിനജലത്തിൽ ചവിട്ടി വേണം കുട്ടികൾക്ക് പോകാൻ.വാഹനങ്ങളുടെ ടയർ ചെളിയിൽ താഴുന്നതായും പ്രദേശവാസികൾ പറയുന്നു. ഗവ.ഹൈസ്കൂൾ വഞ്ചിയൂരിലെത്തുന്ന വിദ്യാർത്ഥികളും ബുദ്ധിമുട്ടും.
എന്നിട്ട് നിധി കിട്ടിയോ?
തൈക്കാട് ഭാഗത്തെ പല റോഡിലും പണിക്കാർ നിധി തിരയുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുഴി മൂടും,വീണ്ടും കുഴിക്കും.കുറച്ച് ദൂരം മാറ്റി വീണ്ടും കുഴിക്കും.പ്രവേശനോത്സവം എത്തിയിട്ടും 'നിധിവേട്ട' തീരാത്തതിനാൽ മോഡൽ എച്ച്.എസ്.എസ്,മോഡൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് വരാൻ ബുദ്ധിമുട്ടാണ്.ഗാന്ധിഭവന് മുന്നിൽ നിന്ന് മോഡൽ എച്ച്.എസ്.എസിലേക്ക് പോകുന്ന റോഡിൽ ചല്ലി കൂട്ടിയിട്ടിരിക്കുകയാണ്.ശാസ്താക്ഷേത്രത്തിന് മുന്നിലെ റോഡിന്റെയും പണി പൂർത്തിയായിട്ടില്ല. കാലാവസ്ഥ നല്ലതായിരുന്നപ്പോൾ ജോലി മന്ദഗതിയിലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. നോർക്ക ഓഫീസിന് മുന്നിലുള്ള വലിയ കുഴിയിലും അപകടം പതിയിരിക്കുന്നു.
അദ്ധ്യാപകർക്കും നെഞ്ചിടിപ്പ്
ചാക്ക,പേട്ട ഭാഗങ്ങളിൽ നിന്ന് കരിക്കകം ഹൈസ്കൂളിലേക്ക് വരുന്ന വായനാശാല റോഡ് ആറുമാസമായി സിറ്റി-ഗ്യാസ് പദ്ധതിക്കായി പൊളിച്ചിട്ടിരിക്കുകയാണ്.180ലേറെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കോമ്പൗണ്ടിനകത്ത് അങ്കണവാടിയുമുണ്ട്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മഴ പെയ്താൽ ചാക്ക യു.പി സ്കൂളിന് മുന്നിലെ റോഡിലും വെള്ളക്കെട്ട് പതിവാണ്. വീതിയില്ലാത്തതും മാലിന്യം കെട്ടിനിൽക്കുന്നതുമായ ഓടയാണ് വെള്ളക്കെട്ടിന് കാരണം.
പൊലീസ് സജ്ജം
പ്രവേശനോത്സവത്തോടനുബന്ധിച്ച് 1000ലേറെ പൊലീസുകാരെ സ്കൂളുകളുടെ മുന്നിൽ നിയോഗിച്ചതായി ഡെപ്യൂട്ടി സിറ്റി പൊലീസ് കമ്മിഷണർ നിതിൽ രാജ് അറിയിച്ചു.
ഗതാഗതക്രമീകരണം ഏർപ്പെടുത്തും. മഫ്തിയിലും പൊലീസുണ്ടായിരിക്കും.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവില്പന തടയാൻ പരിശോധന നടത്തും.
സ്കൂളുകൾക്ക് സമീപത്തെ കടകൾക്ക് മുന്നിൽ ലഹരിക്കെതിരെയുള്ള പൊലീസിന്റെ 'യോദ്ധാവ്' ആപ്പിന്റെ വിവരങ്ങൾ ലഭ്യമാക്കും.