
കുറ്റിച്ചൽ: അവഗണനയിൽ കുടുങ്ങിക്കിടക്കുകയാണ് കോട്ടൂർ ആയുർവേദ ആശുപത്രി. കുറ്റിച്ചൽ പഞ്ചായത്തിൽ അഗസ്ത്യവനത്തിനോട് ചേർന്ന് കിടക്കുന്ന മികച്ച ചികിത്സ നൽകാനാകുന്ന കോട്ടൂർ ആയൂർവേദ ആശുപത്രിക്കാണ് ഈ ദുർഗതി.
ദിവസവും നൂറിലേറെ രോഗികളാണ് ചികിത്സയ്ക്കായി ഇവിടെയെത്തുന്നത്. ആശുപത്രിയിലെ പുരുഷന്മാരുടേയും സ്ത്രീകളുടേയും വാർഡ് ചോർന്നൊലിച്ചതോടെ ആശുപത്രിയിലെ കിടത്തി ചികിത്സാവാർഡ് പൂട്ടി. ഒരുമാസത്തിലേറെയായി ഇത് തുറന്നു പ്രവർത്തിച്ചിട്ട്.
20രോഗികളെ വരെ കിടിത്തി ചികിത്സിക്കുന്നതിനുള്ള ഷീറ്റിട്ട കെട്ടിടം ഏറെ നാളായി ചോർച്ചയിലായിരുന്നു. മഴക്കാലത്ത് വാർഡിൽ വെള്ളം കെട്ടി നിൽക്കുകയും കെട്ടിടത്തിലെ ചുവരുകളിൽ വൈദ്യുതി പ്രവഹിക്കുകയും ചെയ്തിരുന്നു. ഇതോടെ ഭാരതീയ ചികിത്സാ കേന്ദ്രം ആശുപത്രി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റുന്നതിനുവേണ്ടി മാസങ്ങൾക്ക് മുൻപ് 8 ലക്ഷം രൂപ അനുവദിച്ചു.
എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതിനാൽ രണ്ടാഴ്ച മുൻപാണ് നിർമ്മാണജോലികൾ ആരംഭിച്ചത്.
പദ്ധതിയും ആവതാളത്തിലാക്കി
വന്യമൃഗങ്ങളുടേയും കുരങ്ങ് ശല്യവും രൂക്ഷമായ പ്രദേശത്ത് ആശുപത്രി കെട്ടിടത്തിൽ ഗുണമേന്മയുള്ള ഷീറ്റിടുന്നതിനുവേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്.
പണിയേറ്റെടുത്ത കരാറുകാരൻ നിലവാരം കുറഞ്ഞ ഷീറ്റുകൾ എത്തിച്ചാണ് നിർമ്മാണം തുടങ്ങിയത്. ഇത് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ട് തിരികെ അയപ്പിച്ചു. ഇതോടെ നിർമ്മാണ ജോലികൾ വൈകുകയും ശക്തമായ വേനൽ മഴ തുടങ്ങുകയും ചെയ്തു.
വാർഡ് ചോർന്നൊലിച്ചതോടെ കിടത്തി ചികിത്സ പൂർണ്ണമായും അവസാനിപ്പിച്ചു. പേവാർഡിൽ മാത്രമാക്കിയ കിടത്തി ചികിത്സയിൽ നാലുപേരാണ് നിലവിലുള്ളത്.
യാഥാർത്ഥ്യമാകാതെ
ആദിവാസികൾ ഉൾപ്പെടെ ദിനവും നൂറുകണക്കിന് ആളുകളാണ് ചികിത്സക്കായെത്തുന്നത്. കോട്ടൂർ ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിത്സാ വിഭാഗം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നിരവധി പദ്ധതികൾ തയ്യാറാക്കിയെങ്കിലും യാതൊന്നും യാഥാർത്ഥ്യമായില്ല.
കിടത്തി ചികിത്സ പുനരാരംഭിക്കണം
കുറ്റിച്ചൽ പഞ്ചായത്തിലാണ് ആശുപത്രിയെങ്കിലും ആര്യനാട്, പൂവച്ചൽ, കള്ളിക്കാട്, കാട്ടാക്കട പഞ്ചായത്തുകളിൽ നിന്നും നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. ഇത് കണക്കിലെടുത്ത് 50 കിടക്കകളുള്ള കാട്ടാക്കട താലൂക്കിലെ മലയോര ആയൂർവേദ ആശുപത്രിയായി കോട്ടൂർ ആയൂർവേദ ആശുപത്രി ഉയർത്തണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിന് നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചില്ലെന്ന ആക്ഷേപമുണ്ട്.