
പാലോട്: ചെല്ലഞ്ചി പാലവും പാടവും ഇന്ന് കാത്തിരിപ്പിൻ വക്കത്താണ്. വരുമെന്ന് പറഞ്ഞ വികസനമൊന്നും നാളിതുവരെ ആരും കണ്ടിട്ടില്ല.
തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വർക്കലയെയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര ഇടത്താവളമാക്കി ചെല്ലഞ്ചിപ്പാലം മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. പാലമിപ്പോൾ സാമൂഹികവിരുദ്ധരുടെ താവളമാണ്. വർക്കല ബീച്ചിൽ നിന്ന് നെടുമങ്ങാട് വഴി നേരിട്ട് ആറ്റിങ്ങൽ - വെഞ്ഞാറമൂട് - നന്ദിയോട് - വിതുര വഴി അനായാസം പൊന്മുടിയിലേക്ക് ചെല്ലഞ്ചി പാലം വഴി എത്താനാവും. നന്ദിയോട് - കല്ലറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വാമനപുരം നദിക്ക് കുറുകെ 148.25 മീറ്റർ നീളത്തിൽ പണിത പാലം കാണാൻ നിരവധി സഞ്ചാരികളെത്താറുണ്ട്.
താലൂക്കിലെ ഏറ്റവും വലിയ പാടശേഖരമാണ് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി പാടം.
അഞ്ചര ഏക്കർ പാടശേഖരമാണ് ചെല്ലഞ്ചിയിൽ. നിലവിൽ ഇതിന്റെ മുക്കാൽ ഭാഗവും നിലംനികത്തി വാഴയും മരച്ചീനിയും വെറ്റില കൊടിയും നട്ടു. ബാക്കിയുള്ള പാടശേഖരം തരിശായി കിടക്കുകയാണ്.
പൊന്മുടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു ഇടത്താവളമെന്ന നിലയിൽ ചെല്ലഞ്ചിപ്പാലത്തിനെ വികസിപ്പിക്കുമെന്നാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 24 ഫെബ്രുവരി 2022 ൽ പ്രഖ്യാപിച്ചത്. വാമനപുരം നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അന്ന് അറിയിച്ചിരുന്നു.
സോളാർ സുരക്ഷാവേലിയും നടന്നില്ല
കഴിഞ്ഞ വർഷം ചെല്ലഞ്ചി പാടത്ത് കമ്പിവേലി സ്ഥാപിക്കാനായി പാടശേഖര സമിതി നൽകിയ അപേക്ഷയെ തുടർന്ന് രണ്ടര ലക്ഷം രൂപ അനുവദിച്ചുവെങ്കിലും നാളിതുവരെ ഒന്നും നടന്നില്ല. ചെല്ലഞ്ചി പാടശേഖരത്തോട് ചേർന്ന പനവൂർ പഞ്ചായത്തിലെ കരിഞ്ചയിൽ പാടശേഖരത്തിലെ കൃഷിക്കാർക്കായി സോളാർ സുരക്ഷാവേലി സ്ഥാപിച്ചു നൽകിയിട്ടുണ്ട്.
കൃഷിയും നിലച്ചു
പല കർഷകരും മനസില്ലാമനസോടെയാണ് കൃഷി നിറുത്തിയത്. നിലം ഒരുക്കുന്നതിന് ട്രാക്ടർ ലഭ്യമല്ലാത്തതും തൊഴിലാളികളെ കിട്ടാത്തതുമാണ് പ്രധാന കാരണം. ചില നിലമുടമകൾ കൃഷി ഭൂമി പാട്ടത്തിന് നൽകിയെങ്കിലും നിലവിൽ കൃഷി ചെയിതിട്ടില്ല. കാട്ടുപന്നി ശല്യവും അതിരൂക്ഷമാണ്. വർഷത്തിൽ മൂന്ന് പ്രാവശ്യമാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. ഇടവിളയായി പച്ചക്കറികളും കൃഷി ചെയ്തിരുന്നു.
ഒന്നും നടന്നില്ല
പാലത്തിൽ നിന്ന് നദിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കായി ഇരിപ്പിടങ്ങളും കുട്ടികൾക്കായി പാർക്കും നദിയിലെ മാലിന്യം നിക്ഷേപം തടയാൻ പാലത്തിന് മുകളിൽ ഫെൻസിംഗുകളും സി.സി.ടിവി ക്യാമറ സംവിധാനവും സഞ്ചാരികൾക്കായി കഫ്റ്റീരിയയും ഒരുക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ ഒന്നും നടന്നില്ല.