
കന്യാകുമാരി:വിവേകാനന്ദ പാറയിൽ മൂന്നാം പകൽ ഉച്ചവരെ നീണ്ട ധ്യാനം പൂർത്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി.
ഇന്നലെ രാവിലെ ഇളം കാവി നിറത്തിലുള്ള മോദി കുർത്തയും കാവിഷാളും കാവി മുണ്ടും ധരിച്ചാണ് പ്രധാനമന്ത്രി ധ്യാനത്തിനിരുന്നത്. അതിന്മുമ്പ് സൂര്യനമസ്‌ക്കാരം, ഗായത്രി ജപം, പ്രാണായാമം. രണ്ടരയോടെയാണ് ധ്യോനത്തിൽ നിന്ന് ഉണർന്നത്. പിന്നീട് ശുഭ്രവസ്ത്രം ധരിച്ച് സഹായികൾക്കും വിവേകാനന്ദ കേന്ദ്രത്തിലുള്ളവർക്കുമൊപ്പം ഫോട്ടോയെടുത്തു. ബോട്ടിൽ തൊട്ടടുത്ത പാറയിൽ എത്തി തിരുവള്ളവരുടെ പ്രതിമയുടെ പാദത്തിൽ പുഷ്പമാല സമർപ്പിച്ച് വണങ്ങി. 3.15ഒാടെ ബോട്ടിൽ ഇക്കരെ ഗസ്റ്റ് ഹൗസിലെത്തി. 3.55ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് 4.30ന് ഡൽഹിയിലേക്കും മടങ്ങി.
മോദിയുടെ ധ്യാനത്താൽ വിവേകാനന്ദപ്പാറ രണ്ടുനാളും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.
കന്യാകുമാരിയിൽ
ദിവ്യാനുഭവം:മോദി
കന്യാകുമാരി: അസാധാരണമായ ഉൗർജ്ജ പ്രവാഹത്തിന്റെ ദിവ്യാനുഭവമായിരുന്നു വിവേകാനന്ദപ്പാറയിലെ മൂന്ന് ദിവസത്തെ ധ്യാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
45മണിക്കൂർ ധ്യാനത്തിന് ശേഷം സന്ദർശക പുസ്തകത്തിലാണ് മോദി ഇക്കാര്യം കുറിച്ചത്. രാജ്യത്തിന്റെ തെക്കേയറ്റത്തെ മുനമ്പിൽ,ഭാരതാംബയുടെ പാദങ്ങളിൽ ഇങ്ങനെ ഇരിക്കുമ്പോൾ, രാജ്യമാകെ സന്ദർശിക്കുമ്പോഴൊക്കെ എടുത്ത പ്രതിജ്ഞ ഒരിക്കൽ കൂടി ഉറപ്പിച്ചു. ജീവിതത്തിന്റെ ഒാരോ നിമിഷവും രാഷ്ട്രത്തിനായി സമർപ്പിക്കും. സ്വാമി വിവേകാനന്ദൻ വഴി കാണിച്ചു. ഏകനാഥ റാനഡെ ഇവിടെ വിവേകാനന്ദ കേന്ദ്രം സ്ഥാപിച്ചതിലൂടെ അത് തലമുറകൾക്ക് കൈമാറി. അതിന്റെ പങ്കുപറ്റാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു - മോദി എഴുതി.