ds

അഭ്യസ്തവിദ്യർ ഏറ്റവും കൂടുതലുള്ള കേരളത്തിൽ തൊഴിലിനു വേണ്ടി കാത്തിരിക്കുന്ന ലക്ഷക്കണക്കിനു ചെറുപ്പക്കാരുണ്ട്. പതിന്നാല് വയസു കഴിഞ്ഞ ആർക്കും എംപ്ളോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്‌റ്റർ ചെയ്യാൻ വ്യവസ്ഥയുണ്ട്. അങ്ങനെ രജിസ്റ്റർ ചെയ്‌തവരുടെ എണ്ണം തന്നെ 31 ലക്ഷം വരും. പ്രൊഫഷണൽ ബിരുദമടക്കം നേടിയവരാണ് തൊഴിലിനായി പരക്കം പായുന്നത്. ഇവരുടെയെല്ലാം പ്രതീക്ഷ പൊതുവെ പി.എസ്.സി നടത്തുന്ന നിയമനങ്ങളിലാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. പക്ഷേ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങളുടെ പട്ടിക പരിശോധിച്ചാൽ വളരെ കുറവാണെന്നു കണ്ടെത്താം.സംസ്ഥാനത്ത് വലുതും ചെറുതുമായ മൂവായിരത്തോളം റാങ്ക് ലിസ്റ്റുകളാണ് നിലവിലുള്ളത്. ഇതിൽ യൂണിഫോം തസ്‌തികയുള്ളവയുടെ കാലാവധി ഒരു വർഷവും അല്ലാത്തവയുടേത് മൂന്നു വർഷവുമാണ്. റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള പിൻവാതിൽ നിയമനങ്ങളാകട്ടെ തകൃതിയായി നടക്കുന്നുമുണ്ട്.

റാങ്ക് ലിസ്റ്റിൽ വന്നവർ അധികാരികളുടെ ശ്രദ്ധ ആകർഷിക്കാൻ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ വിവിധ രീതിയിൽ നടത്തുന്ന സമരമുറകൾ പലപ്പോഴും മനഃസാക്ഷിയുള്ളവരുടെ കണ്ണുനിറയ്‌ക്കുന്നതായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളുവെന്ന സ്ഥിതി ജനാധിപത്യ ഭരണത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. ഇതിവിടെ സൂചിപ്പിക്കാൻ കാരണം, കഴിഞ്ഞ ദിവസം സർക്കാർ സർവീസിൽ നിന്ന് 16,638 ജീവനക്കാർ കൂട്ടത്തോടെ വിരമിച്ചിട്ടും അവരുടെ എൻട്രി കേഡറുകളിൽ ഉടനടി സ്ഥിരനിയമനം ഉണ്ടാകില്ലെന്ന വിവരമാണ് . തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്ന അവസരമാണ് സംജാതമായത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറ‌ഞ്ഞ് അതിനു തടയിടുന്ന നീക്കങ്ങളാണ് കാണുന്നത് . താത്‌ക്കാലിക നിയമനങ്ങൾക്ക് വഴിയൊരുക്കാൻ വേണ്ടിയാണിതെന്ന് മനസിലാക്കാൻ വലിയ പ്രയാസമൊന്നും വേണ്ട.

ഇപ്പോൾ ഉണ്ടായിട്ടുള്ള ഒഴിവുകളിൽ പകുതിയും അദ്ധ്യാപകരുടേതാണ്. സ്‌കൂൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ പി.ടി.എ വഴിയുള്ള താത്‌കാലിക നിയമനത്തിന് ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് താത്‌കാലിക നിയമനത്തിൽ മുൻഗണനയുണ്ടെന്നതാണ് ആകെയുള്ള ആശ്വാസം. വിരമിക്കുന്നത് മുൻകൂട്ടി മനസിലാക്കി പി.എസ്.സിയെ അറിയിക്കുന്ന ഓൺലൈൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനിയും നടപ്പിലായിട്ടില്ല. നടപ്പായിരുന്നെങ്കിൽ വകുപ്പു മേധാവികൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ പി.എസ്.സിക്കു കാത്തിരിക്കേണ്ടിവരുമായിരുന്നില്ല.യഥാസമയം ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിലുള്ള കാലതാമസമാണ് നിയമനങ്ങൾ വൈകുന്നതിനുള്ള പല കാരണങ്ങളിലൊന്ന്.

പൊലീസിൽത്തന്നെ 800 പേർ ഇപ്പോൾ വിരമിച്ചെങ്കിലും ജൂൺ വരെയുള്ള ഒഴിവുകളിൽ മുൻകൂറായി നിയമനം നടത്തിയിരിക്കുകയാണ്. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം അതിനാൽ എളുപ്പമാവുകയില്ല. കഴിഞ്ഞ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ 13,975 പേർ ഉണ്ടായിരുന്നിട്ടും നിയമനം 4029 പേർക്കു മാത്രമാണ് ലഭിച്ചത്. മെയിൻ ലിസ്റ്റിൽ 674 പേർ അടങ്ങുന്ന വനിതാ സി.പി.ഒമാരുടെ പുതിയ റാങ്ക് ലിസ്റ്റ് വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നുള്ള നിയമന നടപടികളും ആരംഭിച്ചിട്ടില്ല. നിലവിലുള്ള ഒഴിവുകൾ പരമാവധി നികത്താൻ ശ്രമിക്കണം. സ്ത്രീ സുരക്ഷയെക്കുറിച്ച് നാഴികയ്ക്കു നാൽപ്പതുവട്ടം പറയുമ്പോൾ അതിനാവശ്യമായ പൊലീസ് സേനയെക്കൂടി നിയോഗിക്കണം. വനിതാ പൊലീസുകാർ ആവശ്യത്തിനില്ലെന്ന പരാതി കുറേക്കാലമായി കേൾക്കുന്നതാണ്. പി.എസ്.സി നിയമനക്കാര്യങ്ങളിൽ സർക്കാർ കുറെക്കൂടി ശുഷ‌്‌ക്കാന്തി പുലർത്തണം. പിൻവാതിൽ നിയമനം അവസാനിപ്പിക്കണം.തൊഴിലില്ലാതെ വലയുന്ന യുവതയെ കണ്ടില്ലെന്നു നടിക്കരുത്.