
തിരുവനന്തപുരം: എൽ.ഡി.എഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റകളിലൊന്ന് കേരളകോൺഗ്രസ് എമ്മിന് നൽകിയേക്കും. സി.പി.എം നേതൃത്വം സി.പി.ഐയുമായി ചർച്ച നടത്തിയെന്നാണ് സൂചന. എന്നാൽ സി.പി.ഐ വഴങ്ങിയിട്ടില്ല. നിലവിൽ കേരളകോൺഗ്രസ്(എം) കോട്ടയം സീറ്റിൽ വിജയിച്ചാൽ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ പുനഃരാലോചന നടന്നേക്കും. എൽ.ഡി.എഫിലേക്ക് വന്നപ്പോഴുള്ള രാജ്യസഭാ സീറ്റ് നിലനിറുത്തണമെന്ന ആവശ്യത്തിൽ കേരളകോൺഗ്രസ്(എം)ഉറച്ച് നിൽക്കുകയാണ്. ഇതോടെയാണ് ഇവർക്ക് തന്നെ സീറ്റ് നൽകാൻ സി.പി.എം മുൻകൈയ്യെടുക്കുന്നതെന്ന് സൂചനകൾ വരുന്നത്. എന്നാൽ സീറ്റ് സി.പി.ഐക്ക് ലഭിച്ചാൽ രാജ്യസഭാംഗത്വം ഒഴിയുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഒരു തവണ കൂടി പരിഗണിക്കുമെന്ന ആലോചനയുമുണ്ട്. അതേസംമയം, സീറ്റ് പ്രകാശ് ബാബുവിന് നൽകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം വാദമുയർത്തിക്കഴിഞ്ഞു.
സി.പി.എമ്മിന് ലഭിക്കുന്ന സീറ്റിൽ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി,പാർട്ടി കേന്ദ്രക്കമ്മറ്റിയംഗങ്ങളായ എ.കെ ബാലൻ,എസ്. സുജാത എന്നിവരെയും പരിഗണിക്കുന്നുണ്ട്. 75 വയസെന്ന പ്രായപരിധി നോക്കിയാൽ എ.കെ ബാലന്റെ സാദ്ധ്യത മങ്ങും. ബാലന്റെ പേര് ചർച്ചകളിൽ സജീവമാണ്. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഫലം അനുകൂലമായില്ലെങ്കിൽ ഡോ.തോമസ് ഐസക്കിനെയും പരിഗണിച്ചേക്കും എം.സ്വരാജിന്റെ പേരും കേൾക്കുന്നുണ്ട് .എന്നാൽ പാർട്ടി മുഖപത്രത്തിന്റെ റസിഡന്റ് എഡിറ്ററായി സ്വരാജ് നിയമിക്കപ്പെട്ടതിനാൽ ഇനി പരിഗണിക്കുമോയെന്ന് സംശയമുണ്ട്.
എളമരം കരീം(സി.പി.എം),ബിനോയ് വിശ്വം(സി.പി.ഐ),ജോസ്.കെ.മാണി (കേരളകോൺഗ്രസ് എം) എന്നിവർ ഒഴിയുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം എൽ.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനുമാണ് ലഭിക്കുക. യു.ഡി.എഫ് സീറ്റ് മുസ്ലിം ലീഗിനെന്ന് നേരത്തെ ധാരണയായിരുന്നു.