
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ക്യാന്റീൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തം. പുറത്തുനിന്ന് ഭക്ഷണം വാങ്ങുമ്പോൾ വൻ തുക കൊടുക്കേണ്ടിവരുന്നതായി ആശുപത്രി ജീവനക്കാർ പറയുന്നു. ക്യാന്റീൻ അടയ്ക്കുന്നതിനു മുൻപ് ഡോക്ടർമാരുൾപ്പെടെയുള്ളവർ ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. പുറത്ത് മറ്റ് ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അമിത തുകയാണ് ഈടാക്കുന്നത്. ഇവയ്ക്ക് പുറമേ റോഡ് മുറിച്ച് കടക്കണമെന്നുള്ളതും ബുദ്ധിമുട്ടാണ്. പുറത്തെ ഹോട്ടലുകൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുമ്പോൾ ആശുപത്രി ക്യാന്റീൻ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്യാന്റീനിൽ കാര്യമായി തിരക്കുമുണ്ടായിരുന്നു. നിലവിൽ 500ലധികം കിടപ്പുരോഗികൾ ആശുപത്രിയിലുണ്ട്.
വർഷങ്ങളേറെ
ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നു നെയ്യാറ്റിൻകര ജനറൽ ആശുപത്രി ക്യാന്റീൻ. 2020 ജനുവരിയിൽ പരസ്യം കൊടുത്ത് പുതിയ കരാറുകാരനെ ടെൻഡർ വഴി തിരഞ്ഞെടുത്തിരുന്നു. ദിവസം 3000 രൂപയ്ക്ക് പെരുമ്പഴുതൂർ വടകോട് പൂവൻവിള വീട്ടിൽ ജയചിത്ര ക്വട്ടേഷൻ പിടിച്ചു.ഏറ്റവും ഉയർന്ന തുകയായിരുന്നു ഇതെങ്കിലും ആശുപത്രി വികസന സമിതി ക്യാന്റീൻ തുടങ്ങാൻ ഇവരെ അനുവദിച്ചില്ല.
ആശുപത്രി വികസന സമിതിക്കാരുടെ ബന്ധുവിന് ടെൻഡർ ലഭിക്കാത്തതിനാൽ നീട്ടിക്കൊണ്ടു പോവുകയാണെന്നാണ് ജയചിത്രയുടെ ആരോപണം. പഴയ കരാറുകാരന്റെ അഡ്വാൻസ് തുകയെ സംബന്ധിച്ചും അയാളുടെ ഫർണിച്ചറുകളെ സംബന്ധിച്ചും അഡ്വാൻസ് തുകയിലും കേസ് നിലനിൽക്കുന്നുണ്ട്. അതിന് തീരുമാനമുണ്ടായാലേ ക്യാന്റീൻ തുറക്കാനാകൂവെന്നാണ് അധികൃതരുടെ ഭാഷ്യം.
ബുദ്ധിമുട്ടേറെ
ആശുപത്രി ക്യാന്റീൻ പ്രവർത്തനരഹിതമായതോടെ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറത്തുനിന്നുള്ള ഹോട്ടലുകളിൽ നിന്ന് അമിതവില നൽകി ഭക്ഷണം വാങ്ങേണ്ട അവസ്ഥയാണ്. ഉച്ചയൂണിന് 120 രൂപയോളമാണ് പുറത്തെ വില. ക്യാന്റീനിലെ വില തീരെ കുറവായിരുന്നു.
ആവശ്യം ശക്തം
ആശുപത്രി ജീവനക്കാരും മുൻപ് ക്യാന്റീനെയാണ് ആശ്രയിച്ചിരുന്നത്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് നിയമതടസങ്ങൾ ഒഴിവാക്കി ക്യാന്റീൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് രോഗികളുടേയും നാട്ടുകാരുടേയും ആവശ്യം.