വെഞ്ഞാറമൂട് : ഒന്നാം സ്വാതന്ത്ര്യ സമരത്തെയും വീരനായിക ഝാൻസി റാണിയേയും നാടകത്തിലൂടെ അവതരിപ്പിച്ച സൗപർണികയുടെ മണികർണിക സംസ്ഥാന നാടക മത്സരത്തിൽ നേടിയത് ആറ് അവാർഡുകൾ. മികച്ച നാടകം, മികച്ച രണ്ടാമത്തെ നടി, ഗാനരചന, ശബ്ദലേഖനം, വസ്ത്രാലങ്കാരം, നടനുള്ള പ്രത്യേക ജൂറി അവാർഡ് ഉൾപ്പെടെയാണ് വെഞ്ഞാറമൂടിന്റെ സ്വന്തം സൗപർണിക കരസ്ഥമാക്കിയത്. മികച്ച ഗാനരചയിതാവായി വിഭു പിരപ്പൻകോട്, രണ്ടാമത്തെ നടി ഗ്രീഷ്മ ഉദയ്, ശബ്ദലേഖനം അനിൽ എം.അർജുനൻ, വസ്ത്രാലങ്കാരം വക്കം മാഹീൻ, സ്പെഷ്യൽ ജൂറി അവാർഡ് സുനിൽ പൂമഠം എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. അശോക്-ശശിമാരാണ് നാടകത്തിന്റെ രചനയും സംവിധാനവും. കേരളത്തിൽ നടന്ന നിരവധി നാടകമത്സരങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ 90 ഓളം അവാർഡുകൾ മണികർണിക ഇതിനോടകം നേടിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഷേക്ക്സ്പിയറിന്റെ ജീവിത കഥ പറഞ്ഞ ഇതിഹാസം സംസ്ഥാന നാടക മത്സരത്തിൽ എട്ട് പുരസ്കാരങ്ങൾ നേടിയിരുന്നു.