തിരുവനന്തപുരം: ശംഖുംമുഖത്ത് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായി. വലിയതുറ കൊച്ചുതോപ്പ് സ്വദേശി മഹേഷിനെയാണ് (32) കാണാതായത്.ബോട്ടിൽ ഒപ്പമുണ്ടായിരുന്ന വലിയതുറ ആൽബി റോഡിൽ വിജി ഭവനിൽ ബിനു എന്ന് വിളിക്കുന്ന വിൻസൺ (53) കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. മഹേഷിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ഇന്നലെ രാവിലെ 8.10ഓടെയായിരുന്നു അപകടം. വിഴിഞ്ഞം ഹാർബറിലേക്ക് മത്സ്യബന്ധനത്തിന് കൊണ്ടുപോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കടൽക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ ശംഖുംമുഖം തീരത്ത് മത്സ്യബന്ധം പാടില്ലെന്ന മുന്നറിയിപ്പുണ്ടായിരുന്നു.
ശനിയാഴ്ച ബോട്ട് വിഴിഞ്ഞത്ത് സുരക്ഷിതമായി എത്തിച്ച് ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനം നടത്താമെന്നായിരുന്നു ബിനുവും മഹേഷും കരുതിയിരുന്നത്. എന്നാൽ പുറപ്പെട്ട് 100 മീറ്റർ എത്തിയതും കൂറ്റൻ തിരമാല വന്നടിച്ച് ബോട്ട് തലകീഴായി മറിഞ്ഞു. നന്നായി നീന്തലറിയാവുന്ന ഇരുവരും കര ലക്ഷ്യമിട്ട് നീന്തിത്തുടങ്ങി. എന്നാൽ വീണ്ടും തിരമാലയടിച്ചപ്പോൾ മഹേഷ് അതിൽപ്പെടുകയായിരുന്നു. ബോട്ടിൽ തട്ടി മഹേഷിന്റെ കഴുത്തിലോ തലയിലോ സാരമായ പരിക്കേറ്റതായാണ് നിഗമനം. അതുകൊണ്ടാവാം ഇയാൾക്ക് നീന്താനാവാത്തതെന്നും കരുതുന്നു.
ബിനു നീന്തി കരയ്ക്കുവരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ലൈഫ്ഗാർഡെത്തി കയർ എറിഞ്ഞ് കരയ്ക്ക് കയറ്റി. ബോട്ടും എൻജിനും പൂർണമായി തകർന്ന് കരയ്ക്കടിഞ്ഞു. നാട്ടുകാർ,കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. വലിയതുറ സ്വദേശി ജെറിമോന്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ആന്റണിരാജു എം.എൽ.എ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിഴിഞ്ഞത്ത് നിന്ന് കോസ്റ്റ് ഗാർഡ്,കോസ്റ്റൽ പൊലീസ്,ഫിഷറീസ് എന്നീ വകുപ്പുകളുടെ ബോട്ടുകളിൽ തെരച്ചിൽ ആരംഭിച്ചതായും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.