തിരുവനന്തപുരം: എട്ടാം വിവാഹവാർഷികം 15ന് ആഘോഷിക്കാനിരിക്കെയാണ് മഹേഷിനെ തിരയിൽപ്പെട്ട് കാണാതാവുന്നത്. കരയാൻ പോലുമാവാതെ തളർന്നിരിക്കുന്ന ഭാര്യ സാന്ദ്രയുടെ മുഖം, കണ്ടുനിന്നവരെയും സങ്കടത്തിലാക്കി.ചെറുപ്പം മുതൽ കണ്ടുവളർന്ന കടലിൽ മകനെ കാണാതായത് വിശ്വസിക്കാനാവാതെ മഹേഷിന്റെ അമ്മ ശ്രീദേവി പൊട്ടിക്കരയുകയാണ്.

അച്ഛന്റെ വരവും കാത്തിരിക്കുകയാണ് വലിയതുറയിലെ 'പ്രതീക്ഷ ഫ്ലാറ്റിൽ' യു.കെ.ജിക്കാരൻ റയാനും രണ്ടാംക്ലാസുകാരി ലിയയും. നടന്നത് എന്തെന്നറിയാതെ നാളെ അച്ഛന്റെ കൈപിടിച്ച് സ്കൂളിലേക്ക് പോകാനിരിക്കുകയാണ് ഇരുവരും.

കൊച്ചുതോപ്പിലെ വീട് കടലാക്രമണത്തിൽ തകർന്നതിനു ശേഷമാണ് വലിയതുറയിൽ സർക്കാർ നൽകിയ ഫ്ലാറ്റിൽ കുടുംബം താമസമാരംഭിച്ചത്. രണ്ട് മുറികളുള്ള ചെറിയ ഫ്ലാറ്റിൽ സാന്ദ്രയ്ക്കും മക്കൾക്കും പുറമേ,സാന്ദ്രയുടെ സഹോദരിയുടെയും സഹോദരന്റെയും കുടുംബവും സാന്ദ്രയുടെ അമ്മ ഷേർലിയുടെ സഹോദരന്റെ കുടുംബവും താമസിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു മഹേഷ്. സാന്ദ്ര അടുത്തൊരു സ്കൂളിൽ ക്ലീനിംഗ് സ്റ്റാഫാണ്.

മുൻമന്ത്രി വി.എസ്.ശിവകുമാർ മഹേഷിന്റെ കുടുംബം സന്ദർശിച്ചു

ബിനുവിന് ഇത്

മൂന്നാംജന്മം

മഹേഷിനൊപ്പം ബോട്ടിലുണ്ടായിരുന്ന ബിനുവിന് ഇത് മൂന്നാം ജന്മമാണ്. ഓഖി ചുഴലിക്കാറ്റ് വന്നപ്പോൾ ബിനു നടുക്കടലിലായിരുന്നു. കാറ്റടിച്ച് ഒപ്പമുണ്ടായിരുന്ന വള്ളങ്ങൾ മറിയാൻ തുടങ്ങി.സർവ ശക്തിയുമെടുത്ത് ബോട്ടോടിച്ച് ബിനു കരയ്ക്കെത്തി.പിന്നീട് ടി.വി കണ്ടപ്പോഴാണ് ഓഖിയെ അതിജീവിച്ച കാര്യം തിരിച്ചറിഞ്ഞത്. ഇന്നലെ അപകടം നടന്നപ്പോഴും ജീവൻ തിരിച്ചുകിട്ടുമെന്ന് കരുതിയില്ല. പത്തുമിനിറ്റോളം ഉപ്പുവെള്ളം കുടിച്ച് നീന്തി. ആദ്യത്തെ അഞ്ചുമിനിറ്റ് ഇരുവരും കൈപിടിച്ചായിരുന്നു നീന്തിയത്. അവശതയിൽ കൈ വിട്ടുപോയി. മഹേഷ് പിന്നിലുണ്ടാവുമെന്ന് കരുതി. മൂന്നുവർഷമായി ഒരുമിച്ചാണ് പണിക്കു പോകുന്നത്. ഇന്നലെ പുലർച്ചെ 6.30ഓടെ വീട്ടിൽ നിന്ന് തിരിച്ചു. സ്വന്തം അനിയനെപ്പോലെയായിരുന്നു ബിനുവിന് മഹേഷ്. ചെറിയ പോറലുകളോടെയാണ് ബിനു രക്ഷപ്പെട്ടത്.

രക്ഷാപ്രവർത്തനം

കാര്യക്ഷമമല്ലെന്ന്

ലൈഫ് ഗാർഡുകളുടെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തീരത്തേക്ക് നീന്തിയെത്തിയ ബിനുവിനെ കയർ എറിഞ്ഞ് പിടിച്ചുകയറ്റുകയല്ലാതെ കടലിലേക്ക് ഇറങ്ങാൻ ഇവർ തയാറായില്ലെന്നാണ് ആരോപണം. ചെറുപ്പക്കാരെ ലൈഫ് ഗാർഡ് ആക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, കൃത്യസമയത്തുതന്നെ സ്ഥലത്തെത്തിയെന്ന് ലൈഫ് ഗാർഡായ ലോറൻസ് പറഞ്ഞു. ചിലപ്പോൾ കടൽ ശാന്തമെന്ന് തോന്നുമെങ്കിലും നല്ല അടിയൊഴുക്കുള്ള സമയമാണിത്. ഇന്നലെ വിഴിഞ്ഞത്തേക്ക് കൊണ്ടുപോയ ബോട്ടിന് ഇൻഷ്വറൻസ് ഇല്ലെന്നും ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നു.