vazha-nattu-pradishdekkun

ആറ്റിങ്ങൽ: ഊരൂപൊയ്ക -ആനൂപ്പാറ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10 മുതൽ നടന്ന ഉപരോധം ആറ്റിങ്ങൽ പൊലീസും മുദാക്കൽ ഗ്രാമ പഞ്ചായത്തും ഇടപെട്ട് അവസാനിപ്പിച്ചു. ചർച്ചയുടെ ഭാഗമായി റോഡിന്റെ പണികൾ ഉടനെ നടത്തുന്നതിനുവേണ്ടി ഡിവിഷൻ മെമ്പറേയും കോൺട്രാക്ടറേയും വിളിച്ച് പത്തിന് മുമ്പായി ചർച്ച നടത്തി പരിഹരിക്കാമെന്ന് മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പള്ളിയറ ശശി ഉറപ്പുനൽകി. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാറിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.ആർ. അഭയൻ സമരം ഉദ്ഘാടനം ചെയ്തു. കെ.സി. മോഹനചന്ദ്രൻ, പ്രദീപ്‌ കൊച്ചുപരുത്തി, വിഷ്ണു രവീന്ദ്രൻ, വി.ടി സുഷമദേവി, രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.