
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌കൗൾ അറിയിച്ചു. ജൂൺ നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ, നിരീക്ഷകർ, തിരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം. കൗണ്ടിംഗ് ഏജന്റുമാർക്ക് സ്ഥാനാർത്ഥിയുടെ പേരും നിർദ്ദിഷ്ട ടേബിൾ നമ്പരും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിക്കുള്ളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല.
വോട്ടെണ്ണൽ ഇങ്ങനെ
റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ഇതിന്റെ വീഡിയോ ചിത്രീകരിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
കൗണ്ടിംഗ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ കൗണ്ടിംഗ് സൂപ്പർവൈസർ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിച്ച് എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലെയും വോട്ടെണ്ണൽ പൂർത്തിയാവുമ്പോൾ ടാബുലേഷൻ നടത്തി ഫലം റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകൾ എണ്ണാൻ ഒരോ ഹാൾ ഉണ്ടായിരിക്കും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കുള്ള കൗണ്ടിംഗ് സൂപ്പർവൈസർ ഉണ്ടാവും. ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ജോലി.