തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും അറിയാൻ ഏകീകൃത സംവിധാനം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെണ്ണൽ ദിനമായ 4ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ഹെൽപ് ലൈൻ ആപ്പിലൂടെയും https://results.eci.gov.in വെബ്സൈറ്റിലൂടെയുമാണ് തത്സമയം ഫലം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് തത്സമയം ലഭ്യമാക്കുന്ന ഫലമാണ് ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ലഭ്യമാക്കുന്നത്. കമ്മിഷന്റെ വോട്ടർ ഹെൽപ് ലൈൻ ആപ്പിൽ തത്സമയ വിവരങ്ങളറിയാൻ ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ട്രെൻഡ്സ് ആൻഡ് റിസൾട്ട്സ് പേജിലേക്ക് പോയാൽ മതി.