ആറ്റിങ്ങൽ: പുതിയ അദ്ധ്യയനവർഷം ആരംഭിക്കുന്നതോടെ രാവിലെയും വൈകിട്ടുമെന്നില്ലാതെ ആറ്റിങ്ങൽ പട്ടണം ഗതാഗതക്കുരുക്കിലമരും. സ്കൂൾ തുറക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ റോഡുകളിൽ യാതൊരു മുന്നൊരുക്കവും അധികൃതർ നടത്തിയിട്ടില്ല. കച്ചേരി ജംഗ്ഷൻ മുതൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് വരെ ഒരിടത്ത് മാത്രമാണ് ട്രാഫിക്ക് സിഗ്നൽ ലൈറ്റുള്ളത്. രാവിലെയും വൈകിട്ടും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലായെങ്കിൽ വിദ്യാർത്ഥികളടക്കമുള്ളവർ റോഡിൽ കുടുങ്ങും. പാലസ് റോഡിൽ മുൻപ് ഏർപ്പെടുത്തിയിരുന്ന വൺവേ സംവിധാനം എടുത്തുമാറ്റിയതും ഒരു വിഭാഗത്തിന് വിനയായിട്ടുണ്ട്. കോടതി, സിവിൽ സ്റ്റേഷൻ, ട്രഷറി, പൊലീസ് സ്റ്റേഷൻ തുടങ്ങിയ സർക്കാർ ഓഫീസുകളിൽ എത്തുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇത് ബുദ്ധിമുട്ടായി മാറി. കടയ്ക്കാവൂർ, ചിറയിൻകീഴ്, വക്കം, വർക്കല ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾ കച്ചേരി ജംഗ്ഷൻ വഴി പോകാതെ പാലസ് റോഡ് വഴിയാണ് സ്റ്റാൻഡിലെത്തുന്നത്. ജീവനക്കാരും വയോധികരുമുൾപ്പെടെയുള്ളവർക്ക് ട്രഷറിയിലും മറ്റും പോകണമെങ്കിൽ തുടർയാത്രയ്ക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കണം.
അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല
പട്ടണത്തിൽ റോഡുകളിൽ ഒരിടത്തും സീബ്രാ ലൈനുകളില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണികൾ ഇതുവരെയും നടത്തിയിട്ടില്ല. കച്ചേരി ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കിഴക്കേ നാലുമുക്ക് എന്നിവിടങ്ങളിൽ നിലവിൽ ഗതാഗതം നിയന്ത്രിക്കാൻ ഓരോ ട്രാഫിക്ക് വാർഡന്മാർ മാത്രമാണുള്ളത്.
എസ്.പി.സി, എൻ.സി.സി സേവനങ്ങൾ
പ്രയോജനപ്പെടുത്തണം
ബസുകൾ അടക്കമുള്ള വാഹനങ്ങളെത്തുന്ന, നിരവധി റോഡുകൾ ചേരുന്ന കച്ചേരി ജംഗ്ഷനിലും കിഴക്കേ നാലുമുക്കിലും കൂടുതൽ ട്രാഫിക്ക് വാർഡന്മാർക്ക് പുറമെ എസ്.പി.സി, എൻ.സി.സി, സ്കൗട്ട് തുടങ്ങിയ സംഘടനകളുടെ സേവനങ്ങളും പ്രയോജനപ്പെടുത്തണം. ആഴ്ചയിൽ ഒരു ദിവസം ഒരു സ്കൂൾ എന്ന നിലയിൽ ട്രാഫിക്ക് നിയന്ത്രണത്തിന് ഇവരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഇതിന് പുറമേ ടൗൺ യു.പി.എസ് ജംഗ്ഷൻ, ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ വനിതാ പൊലീസിന്റെയും ഹോം ഗാർഡുമാരുടെയും സേവനം ഉറപ്പുവരുത്തണം. സ്കൂളുകൾക്ക് മുന്നിൽ പൊലീസിന്റെ പരാതിപ്പെട്ടി സ്ഥാപിക്കണമെന്നും അത് നിത്യവും പരിശോധിക്കാൻ പൊലീസ് നടപടിയെടുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.