d

2024 - 25 വർഷത്തെ ബഡ്ജറ്റ് പ്രസംഗത്തിൽ സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ആന്വിറ്റി" എന്ന പേരിൽ പുതിയൊരു പദ്ധതി ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ചശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തിലുള്ള പുതിയ പദ്ധതി എന്നാണ് ബ‌ഡ്‌ജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി പരാമർശിച്ചത്. ഈ പദ്ധതിയാണ് 'ജീവാനന്ദം" എന്നപേരിൽ പിറവിയെടുത്തത്.

തികച്ചും നിർദ്ദോഷകരമെന്ന് തോന്നിപ്പിക്കും വിധം പുറപ്പെടുവിച്ച ഉത്തരവിൽ അനേകം അപകടങ്ങൾ പതിയിരിക്കുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതം പിടിച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്നതാണ് 'ജീവാനന്ദം" പദ്ധതി. ആ തുക ആന്വിറ്റി അധിഷ്ഠിത പദ്ധതിയായി നിക്ഷേപം നടത്തി, അതിന്റെ നേട്ടം സർവീസിൽ നിന്നു വിരമിക്കുന്നവർക്ക് മാസാമാസം നൽകുമത്രെ. യഥാർത്ഥത്തിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള സ്ഥിരമായ വരുമാന മാർഗമാണ് പെൻഷൻ. എന്നാൽ പങ്കാളിത്ത പെൻഷൻ നടപ്പിൽ വന്നതോടെ പെൻഷൻ സ്ഥായിയായ വരുമാന മാർഗമല്ലാതായി. പങ്കാളിത്ത പെൻഷനിൽപ്പെട്ടവർ തികച്ചും അരക്ഷിതരായി. ഇത് മുതലെടുത്ത് ആകർഷകമെന്ന മേമ്പൊടി ചേർത്ത്,​ വിരമിച്ച ശേഷം സ്ഥിരവരുമാനമെന്ന മോഹം ജനിപ്പിച്ച് പദ്ധതി വിജയിപ്പിക്കാമെന്ന ലക്ഷ്യമാണ് സർക്കാരിന്.
'
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ അത് നിയതവും നിർണയിച്ചതുമാണെങ്കിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അത് അനിശ്ചിതവും കമ്പോളാധിഷ്ഠിത വ്യതിയാനത്തിന് വിധേയവുമാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് ഇടതുമുന്നണിയുടെ ഇനിയും പാലിക്കപ്പെടാത്ത വാഗ്ദാനമാണ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കപ്പെടുന്നതാേടെ വിരമിച്ചവർക്ക് അസ്ഥിരമായ വരുമാനം എന്ന പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ പങ്കാളിത്ത പെൻഷനും സ്റ്റാറ്റ്യൂട്ടറി പെൻഷനും ബദലായ ഒരു പദ്ധതിയായി ജീവാനന്ദം പദ്ധതിയെ അംഗീകരിക്കാനാകില്ല.

അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാസംതോറും ജീവാനന്ദത്തിന്റെ വിഹിതമായി ജീവനക്കാരിൽ നിന്ന് ഈടാക്കുന്ന നിർബന്ധിത പദ്ധതിയാണ് സർക്കാരിന്റെ മനസിലിരിപ്പെങ്കിൽ അത് ജീവനക്കാരുടെ വ്യാപകമായ എതിർപ്പ് ക്ഷണിച്ചു വരുത്തും. ഇപ്പോൾത്തന്നെ സർക്കാർ സർവീസിലെ 35 ശതമാനത്തോളം വരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരിൽ നിന്ന് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം തുക പെൻഷൻ വിഹിതമായി പിടിച്ചെടുക്കുന്നുണ്ട്. ഇനിയും ഒരു പത്തോ ഇരുപതോ ശതമാനം തുക ഈടാക്കുന്നത് വലിയ പ്രതിഷേധത്തിനിടയാകും. ആന്വിറ്റി പദ്ധതിയോടെ പെൻഷൻ ബാദ്ധ്യതയിൽ നിന്ന് സർക്കാരിന് മുക്തമാകാമെങ്കിലും ജീവനക്കാരൻ വീണ്ടും പെരുവഴിയിലാകും.

എട്ടുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ ജീവനക്കാർക്ക് അപരിഹാര്യമായ ഒട്ടേറെ നഷ്ടങ്ങൾ സംഭവിച്ചു. ഡി.എ, ഡി. എ കുടിശ്ശിക, ശമ്പള പരിഷ്‌കരണ കുടിശ്ശിക, ലീവ് സറണ്ടർ എന്നിങ്ങനെ ജീവനക്കാരുടെ 15 മാസത്തെ ശമ്പളം സർക്കാർ കവർന്നെടുത്തു. ഡി.എ ഇനത്തിൽ ഓരോ മാസവും ജീവനക്കാർക്ക് അർഹതപ്പെട്ട ശമ്പളത്തിന്റെ 19 ശതമാനം നിഷേധിക്കുന്നു. മെഡിസെപ്പിന്റെ പേരിൽ പ്രതിമാസം 500 രൂപയും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പത്ത് ശതമാനം പെൻഷൻ വിഹിതമായും ഈടാക്കുന്നു. ഇതിനു പുറമേ ആന്വിറ്റിയുടെ പേരിൽ ഇപ്പോൾ ലക്ഷ്യമിടുന്ന തുക.

ജീവനക്കാരന്റെ ശമ്പളം പിടിക്കുന്ന ഒരേർപ്പാടും ജീവനക്കാർ അംഗീകരിക്കില്ല. സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം നിശ്ചിത തുക വരുമാനമായി ലഭിക്കുന്ന പുതിയ പദ്ധതി ആവശ്യമില്ല. ഇടതു മുന്നണി സർക്കാർ വാഗ്ദാനം ചെയ്തതു പോലെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചാൽ മതി. ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും യഥാസമയം നൽകണം. സംസ്ഥാന സർക്കാർ ജീവനക്കാരെ ബാധിക്കുന്ന കാതലായ വിഷയത്തിൽ സർവീസ് സംഘടനകളുമായി യാതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി ഉത്തരവിറക്കിയത് പ്രതിഷേധാർഹമാണ്.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കറവപ്പശുവായി സർക്കാർ ജീവനക്കാരെ ഇടതുഭരണം കരുതുന്നു. ഗ്രാറ്റുവിറ്റി തുകയോ പെൻഷൻ കമ്യൂട്ടേഷൻ തുകയോ ടെർമിനൽ സറണ്ടർ തുകയും ഒക്കെ ആന്വിറ്റിയിലേക്ക് മാറ്റപ്പെടാം. കേരള ഫൈനാൻഷ്യൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം എസ്.എൽ.ഐ, ജി.ഐ.എസ് , ജി.പി.എ.ഐ.എസ്, മെഡിസെപ്പ് തുടങ്ങിയവ പോലെ ജീവനാന്ദം പദ്ധതിയും നടപ്പിലാക്കുന്നതിനോ, നിർബന്ധമായും ശമ്പളത്തിലൂടെ പിടിക്കുന്നതിനോ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ സർവീസ് സംഘടനകൾ അംഗീകരിക്കില്ല.

സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗമായി ജീവാനന്ദം പദ്ധതിയെ മാറ്റുമോ എന്ന സംശയം ജീവനക്കാർക്കുണ്ട്. മെഡിസെപ്പ് പദ്ധതിയിൽ നിന്നുള്ള ദുരനുഭവം ജീവനക്കാർക്കു മുന്നിലുണ്ട്. കടുത്ത വിലക്കയറ്റത്തിന്റെയും കൊടിയ സാമ്പത്തിക നഷ്ടത്തിന്റെയും എട്ടുവർഷത്തെ നിത്യ ദുരിതത്തിന്റെയും കാലത്ത് ജീവനക്കാർ ജീവാനന്ദം പദ്ധതിയെ കാണുന്നത് 'സാലറി കട്ടി"ന് സർക്കാർ കണ്ടെത്തിയ മറ്റൊരു ഉപാധിയായാണ്. അതുകൊണ്ട് അടിച്ചേൽപ്പിക്കുന്ന ആ പദ്ധതിക്കെതിരായി അടിപതറാത്ത പ്രക്ഷോഭം ആവിഷ്‌ക്കരിക്കപ്പെടും.

(കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)