
വർക്കല: പാപനാശത്ത് വിനോദ സഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.ബോംഞ്ചോ എന്ന് വിളിക്കുന്ന പാപനാശം ജനാർദ്ദനപുരം വിളയിൽ വീട്ടിൽ വിഷ്ണുവാണ് (31) അറസ്റ്റിലായത്.ഇക്കഴിഞ്ഞ 30ന് രാത്രി 10.30ഓടെ വർക്കല ക്ലിഫിൽ നിന്ന് പാപനാശം ബീച്ചിലേക്ക് നടന്ന് പോവുകയായിരുന്ന തമിഴ്‌നാട്ടുകാരായ പരശുറാം,ഗോകുൽ,വരുൺ എന്നിവരെയാണ് ഇയാൾ തടഞ്ഞു നിറുത്തി ആക്രമിച്ചത്. ഇവരെ പിന്തുടർന്നെത്തിയ വിഷ്ണു കൈയിൽ കരുതിയിരുന്ന കത്തി കാട്ടി പണം ആവശ്യപ്പെട്ടു. യുവാക്കൾ എത്തിർത്തപ്പോൾ വിഷ്ണു ഇവരെ ആക്രമിക്കുകയായിരുന്നു.
വരുണിനെ മർദ്ദിക്കുകയും ഗോകുലിന്റെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച പരശുറാമിന്റെ കഴുത്തിൽ കുത്തി മുറിവേൽപ്പിച്ചു.കൊലപാതക ശ്രമത്തിന് വർക്കല പൊലീസ് കേസെടുത്തു. വർക്കല കോടതി പ്രതിയെ റിമാൻഡ് ചെയ്തു. മുൻകാലങ്ങളിലും ഇയാൾ നിരവധി അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.