1

വിഴിഞ്ഞം: അദ്ധ്യയനവർഷം നാളെ ആരംഭിക്കുമ്പോൾ പ്രിയപ്പെട്ട വിദ്യാർത്ഥികളെ പിരിഞ്ഞിരിക്കുന്ന വേദനയിലാണ് സന്ധ്യാറാണി എന്ന അദ്ധ്യാപിക. ടിപ്പർ ലോറിക്കടിയിൽപ്പെട്ടു ഒരു കാൽ പൂർണമായും മുറിച്ചുമാറ്റിയ അദ്ധ്യാപികയ്ക്ക് ഉടൻ നീതി ലഭിക്കുമെന്ന് പ്രതീക്ഷ. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി രാഗത്തിൽ രഞ്ജിത്തിന്റെ ഭാര്യയും വെങ്ങാനൂർ ഗവ. മോഡൽ സ്കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപികയുമായ സന്ധ്യാ റാണിക്കാണ് (37) സർക്കാരും അദാനി പോർട്സ് അധികൃതരും പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ലഭിക്കാതെ കഴിയുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നാൽ പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. തീരുമാനം വൈകുന്നതിനാൽ അദ്ധ്യയന വർഷം തുടങ്ങിയാൽ ശമ്പളമില്ലാത്ത അവസ്ഥയിലാകും. വരുമാനമില്ലാതെ തുടർ ചികിത്സയും മുടങ്ങുന്ന അവസ്ഥ. കൃത്രിമ കാൽ ഘടിപ്പിക്കാൻ അദാനി തുറമുഖ കമ്പനി പ്രഖ്യാപിച്ചതുക ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ വർഷം ഡിസംബർ 19ന് 5 വയസുകാരനായ മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് വിഴിഞ്ഞം ജംഗ്ഷനിൽ വച്ച് രാജ്യാന്തര തുറമുഖത്തിലേക്ക് പോയ ടിപ്പർലോറി തട്ടി അപകടമുണ്ടായത്.

നഷ്ടപരിഹാരം വൈകുന്നതു സംബന്ധിച്ച് സന്ധ്യാറാണി ഫയൽ ചെയ്ത ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, അദാനി തുറമുഖ കമ്പനി എന്നിവർക്ക് അടിയന്തര നോട്ടീസ് നൽകാൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവിട്ടിരുന്നു.