
തിരുവനന്തപുരം: കൂട്ടവിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വൈകുമെന്ന ആശങ്കയിൽ ഉദ്യോഗാർത്ഥികൾ.
കഴിഞ്ഞ ദിവസം 16,638 സർക്കാർ ജീവനക്കാർ വിരമിച്ച ഒഴിവുകളിൽ പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കിയാലുടൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, വകുപ്പുകളിലെ മെല്ലെപ്പോക്കിലെ മുൻകാല അനുഭവവും പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി അവസാനഘട്ടത്തിലായതുമാണ് ആശങ്കയ്ക്ക് കാരണങ്ങൾ.
എൻട്രി കേഡർ തസ്തികകളായ അസിസ്റ്റന്റ്, എൽ.ഡി ക്ലാർക്ക്, എൽ.ഡി ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് , ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അദ്ധ്യാപകർ എന്നിവയടക്കം മൂവായിരത്തോളം തസ്തികകളുടെ റാങ്ക്‌ലിസ്റ്റുകൾ നിലവിലുണ്ട്. വകുപ്പ് മേലധികാരികൾ ഒഴിവുകൾ അറിയിക്കുന്ന മുറയ്‌ക്ക് നിയമനം നൽകാൻ ഒരുക്കമാണെന്ന് പി.എസ്.സി വ്യക്തമാക്കുന്നു.
അദ്ധ്യാപക ഒഴിവുകളിൽ താത്കാലിക നിയമനം നടത്തിയാലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് സ്‌കൂൾ അധികാരികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റുള്ള വകുപ്പുകളിൽ പ്രൊമോഷൻ നടപ്പിലാക്കിയ ശേഷം മാത്രമേ എൻട്രി കേഡർ തസ്‌തികയിൽ നിയമനം നടത്താനാകൂ. ഒഴിവുകൾ റിപ്പോർട്ട് ചെയ്തുതുടങ്ങാൻ ആറുമാസമെങ്കിലും വൈകുമെന്നതാണ് ഉദ്യോഗാർത്ഥികളുടെ വേവലാതി.
ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളുള്ള എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, എൽ.പി, യു.പി അദ്ധ്യാപകർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അടക്കമുള്ള തസ്‌തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെയാണുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ നിയമനശുപാർശയും വൈകും. ഇതോടെ ജോയിൻ ചെയ്യാത്തവരുടെ (എൻ.ജെ.ഡി) ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതും വൈകാനാണ് സാദ്ധ്യത. ഇത് ലിസ്റ്റിലുള്ളവരുടെ അവസരം നഷ്ടമാക്കും. ഇതേ തസ്തികയിലേക്കുള്ള പുതിയ റാങ്ക് പട്ടിക തയ്യാറാക്കാനുള്ള പരീക്ഷകൾ നടന്നുവരികയുമാണ്.
അപേക്ഷകരുടെ എണ്ണം കുറയുന്നു
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാലും നിയമനം ഉറപ്പില്ലെന്ന ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ എൽ.ഡി ക്ളാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള അപേക്ഷകരുടെ എണ്ണം കുറഞ്ഞിരുന്നു. എൽ.ഡി ക്ളാർക്ക് തസ്തികയിൽ ഇക്കുറി 4,62,892 ഉം ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്‌തികയിൽ 2,21,844 അപേക്ഷകളുമാണ് മുൻവർഷത്തേക്കാൾ കുറഞ്ഞത്.
പുനർനിയമനമില്ലാതെ കെ.എസ്.ഇ.ബി
ജീവനക്കാർ 28,000ത്തിൽ താഴെയായി
ഡിസംബറിനുള്ളിൽ 1295 പേർ കൂടി വിരമിക്കും
അരുൺ പ്രസന്നൻ
കൊച്ചി: കെ.എസ്.ഇ.ബിയിൽ നിന്ന് മേയ് 31ന് ചീഫ് എൻജിനിയർ മുതൽ മസ്ദൂർ വരെ 1,096 ജീവനക്കാർ വിരമിച്ചതോടെ ബോർഡിലെ ജീവനക്കാരുടെ എണ്ണം 28,000ത്തിൽ താഴെയായി.വരുന്ന ഡിസംബറിനുള്ളിൽ 1,295 പേർ കൂടി വിരമിക്കും. ഇതോടെ ജീവനക്കാരുടെ എണ്ണം 27,000ത്തിലും താഴെയാവും. 35,936 ആയിരുന്നു നേരത്തെ അംഗബലം.
കെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണം 30,321വരെ കുറയ്ക്കാമെന്ന് റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ആ സ്ഥാനത്താണ് 27,000ത്തിലേക്കു താഴുന്നത്. നേരത്തെ വിരമിച്ചവരുടെ തസ്തികകളിലേക്കുൾപ്പെടെ നിയമനം നടത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
1,096 പേർ പടിയിറങ്ങിയപ്പോൾ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിരമിക്കലാണ് മേയ് 31ന് നടന്നത്. എട്ട് ചീഫ് എൻജിനിയർമാരും 17 ഡെപ്യൂട്ടി ചീഫ് എൻജിനിയർമാരും 33 എക്സിക്യുട്ടിവ് എൻജിനിയർമാരും 23 അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർമാരും വിരമിച്ചവരിലുണ്ട്. ഓവർസിയർ തസ്തികയിലാണ് കൂടുതൽ പേർ -- 388.
2021ൽ 1,443 പേരും 2022ൽ 1,612 പേരും വിരമിച്ചിരുന്നു. വരും വർഷങ്ങളിൽ പടിയിറങ്ങുന്നവരുടെ എണ്ണം ഇതിലും വർദ്ധിക്കും. 2021മുതൽ 2030 വരെ മൊത്തം 18,004 പേരുടെ സർവീസ് അവസാനിക്കും. 1990-97ൽ പതിവിലധികം നിയമനം നടന്നതാണ് കാരണം.
അടുത്ത 5 കൊല്ലം വിരമിക്കുന്നത് 11,440 പേർ 2025- 1,817 2026- 1,813 2027- 1,762 2028- 1,710 2029- 1,501 2030- 2,837