
തിരുവനന്തപുരം:വീടുകളിൽ വന്ന് അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകാത്തവരെ പഞ്ചായത്ത് സെക്രട്ടറിമാർ ജാേലിയിൽ നിന്നു മാറ്റിനിറുത്തിയ സംഭവത്തിൽ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ റിപ്പോർട്ട് തേടി. നേരത്തെ പരാതികൾ ഉണ്ടായിരുന്നെന്നും ഇപ്പോഴില്ലെന്നുമുള്ള ഉഴപ്പൻ മറുപടി നൽകി ഒളിച്ചുകളിക്കുകയാണ് ഉദ്യോഗസ്ഥർ.
ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർമാരോടാണ് (ജെ.പി.സി) മിഷൻ ഡയറക്ടർ റിപ്പോർട്ട് തേടിയത്. ജെ.പി.സിമാർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാരോടും അവർ പഞ്ചായത്ത് സെക്രട്ടറിമാരോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.പരാതികൾ നിലവിലില്ലെന്നാണ് സെക്രട്ടറിമാരുടെ മറുപടി.എന്നാൽ പല ജില്ലകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാൻമാരുടെ മുന്നിൽ പരാതികൾ പരിഗണനയിലാണ്. അടുത്തിടെ തദ്ദേശമന്ത്രിക്ക് തെന്മല പഞ്ചായത്തിൽ നിന്ന് ലഭിച്ച പരാതി സംസ്ഥാന മിഷന് കൈമാറിയിരുന്നു. മിഷൻ അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു.
പരാതികൾ ഉണ്ടാവുമ്പോൾ മാത്രമാണ് തൊഴിലുറപ്പ് മിഷൻ ഇടപെടുന്നത്. യൂസർഫീയുടെ പേരിൽ തൊഴിൽ നിഷേധിക്കരുതെന്ന് സർക്കുലർ ഇറക്കിയാൽ ചട്ടവിരുദ്ധമായ പ്രവർത്തനം നടന്നതായി ചൂണ്ടിക്കാട്ടി ആരെങ്കിലും കേന്ദ്രത്തെ സമീപിക്കുമെന്നും അത് പ്രശ്നം ഗുരുതരമാക്കുമെന്നും മിഷൻ ആശങ്കയിലാണ്.
പരാതി ആരോട് പറയും
തൊഴിലുറപ്പ് പദ്ധതിയുടെ പരാതി പരിഹാര സംവിധാനമായ ഓംബുഡ്സ്മാൻമാരുടെ പേരും ഫോൺ നമ്പരും പ്രദർശിപ്പിക്കണമെന്നാണ് ചട്ടം.
അത് ഭൂരിഭാഗം സ്ഥലങ്ങളിലുമില്ല. ഇതാണ് ഇത്തരം പരാതികൾ പലതും പുറംലോകത്ത് എത്താത്തതിന് പ്രധാനകാരണം. പഞ്ചായത്തിലുള്ളവർ പറയുന്നതുകേട്ട് പാവങ്ങൾ മടങ്ങും.