
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർ 3 വർഷം/2 വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് നേടിയ 3 വർഷ ഡി.വോക്ക്, അല്ലെങ്കിൽ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബി.എസ്‌സി ബിരുദം നേടിയവരായിരിക്കണം.
അപേക്ഷാർത്ഥി കോഴ്‌സ് പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് വ്യവസായ സ്ഥാപനങ്ങൾ, കേന്ദ്ര/ സംസ്ഥാന സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി, സ്വകാര്യ സ്ഥാപനങ്ങൾ, എം.എസ്.എം.ഇ സ്ഥാപനങ്ങൾ എന്നിവയിലേതെങ്കിലും ജോലി ചെയ്യുന്ന വ്യക്തി ആയിരിക്കണം. ചുരുങ്ങിയത് ഒരു വർഷത്തെ റഗുലർ ഫുൾ ടൈം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വെബ്സൈറ്റ് വഴി ജൂൺ 16 വരെ അപേക്ഷാ ഫീസടയ്ക്കാം. അപേക്ഷ സമർപ്പണം ജൂൺ 17 വരെയാണ്. പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ വെബ്‌സൈറ്റിൽ ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ അപേക്ഷാഫീസടയ്ക്കാം. വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364.
മലയാളം നെറ്റ്, സെറ്റ് പരിശീലന കോഴ്‌സ്
തിരുവനന്തപുരം: നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ ജൂലായ് 6ന് ആരംഭിക്കുന്ന മലയാളം നെറ്റ്, സെറ്റ് പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. എം.എൻ. രാജൻ, ഡോ. കവടിയാർ രാമചന്ദ്രൻ, ഡോ. സി. ഉദയകല, ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ തുടങ്ങിയ വിദഗ്ദ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. അഞ്ചു മാസം ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2330 338; 99950 08104; 97780 80181.
കേഡർ ഫിലിംലെറ്റ് ഫെസ്റ്റ്
തിരുവനന്തപുരം: സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എജ്യുക്കേഷന്റെ(കേഡർ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിലിംലെറ്റ് ഫെസ്റ്രിവൽ(സി.ഐ.എഫ്.എഫ്.എ) 2025ലേക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാം. ഓട്ടിസവുമായി ബന്ധപ്പെട്ട 1-5 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് അയയ്ക്കാവുന്നത്. മികച്ച ഷോർട്ട് ഫിലിമിന് ഒരുലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 50,000 രൂപയും ഏറ്റവും ജനപ്രീതി നേടുന്ന ചിത്രത്തിന് 25,000 രൂപയും ലഭിക്കും. 2025 ജനുവരി 31നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് https://cadrre.org/ciffa/, ciffa@cadrre.org