
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ പി.ആർ.ഒയും എഴുത്തുകാരനുമായ സുരേന്ദ്രൻ ചുനക്കര വിരമിച്ചു. ആർ.സി.സിയുടെ പ്രവർത്തനം ജനകീയമാക്കുന്നതിന് പത്ര, ദൃശ്യ, ശ്രവ മാദ്ധ്യമങ്ങളിലൂടെ നിരവധി ഇടപെടലുകൾ നടത്തി. ആർ.സി.സിയിലെ ഹെൽപ്പ് ഡെസ്ക്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി പാവപ്പെട്ടവർക്ക് സേവനം ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കേരളകൗമുദിയിൽ ദീർഘകാലം വിജയപാത എന്ന പംക്തി കൈകാര്യം ചെയ്തു. കെ.ആർ.നാരായണൻ ഇന്ത്യയുടെ വിശുദ്ധിയുൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചു.
കാൻസർ ബോധവത്കരണത്തിനായി തുടങ്ങിയ മുക്തി, സ്വസ്തി തുടങ്ങിയ ടെലിവിഷൻ പരമ്പരകൾ അദ്ദേഹത്തെ പ്രശസ്തനാക്കി. നാല്പതോളം ഡോക്യുമെന്ററികൾ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ അനൗൺസർ, ന്യൂസ് റീഡർ, ആകാശവാണിയുടെ ആരോഗ്യകുടുംബക്ഷേമ പരിപാടികളുടെ ഉപദേശകസമിതി അംഗം എന്നിങ്ങനെയും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച ശാസ്ത്ര-പത്രപ്രവർത്തക പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. പബ്ളിക് റിലേഷൻസ് സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചുനക്കരയിലാണ് ജനനം. ക്ഷീര വികസന വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ജയശ്രീയാണ് ഭാര്യ. യു.എസ്.എയിൽ സയന്റിസ്റ്റായ ഡോ.മൈഥിലി സുരേന്ദ്രൻ മകളാണ്. മരുമകൻ യു.എസ്.എയിൽ എൻജിനിയറായ ചേതൻ.