
തിരുവനന്തപുരം: സ്കൂളുകൾ നാളെ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കുട്ടികളുടെ മാനസിക-ശാരീരികാരോഗ്യം ഉറപ്പാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. പാഠപുസ്തകവിതരണം 96.7 ശതമാനം പൂർത്തിയായി. 1, 5, 7, 9 ക്ലാസുകളിലെ ആക്ടിവിറ്റി പുസ്തകങ്ങൾ 10നകം എത്തും. 3.53 കോടിയാണ് ആകെ പുസ്തകങ്ങളുടെ എണ്ണം. ഇതിൽ 38 ലക്ഷം ആക്ടിവിറ്റി പുസ്തകങ്ങളാണ്. സംസ്ഥാനത്താകെ 6,842 എൽ.പി സ്കൂളുകളും 2993 യു.പി സ്കൂളുകളും 3139 ഹൈസ്കൂളുകളും 2060 ഹയർ സെക്കൻഡറി സ്കൂളുകളും 389 വി.എച്ച്.എസ്.ഇ സ്കൂളുകളുമാണുള്ളത്. തൊഴിലാളി, മഹിളാ, യുവജന, വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരങ്ങളിലുളള ശുചീകരണം പൂർത്തിയായി. സ്കൂൾ ഫിറ്റ്നെസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.
കെ-ടെറ്റ് ഹാൾടിക്കറ്റ്
തിരുവനന്തപുരം: ഏപ്രിലിലെ വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് 10 മുതൽ https://ktet.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള പരീക്ഷാർത്ഥികൾ 15ന് മുമ്പായി വിജ്ഞാപനത്തിൽ നിർദ്ദേശിച്ച രീതിയിൽ ഫോട്ടോ റീഅപ്ലോഡ് ചെയ്യണം. അല്ലാത്തവർക്ക് ഹാൾടിക്കറ്റ് ലഭിക്കില്ല.
എൻട്രൻസ് പ്രാക്ടീസ് പരീക്ഷ
തിരുവനന്തപുരം: ജൂൺ 5മുതൽ 10വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുളള പ്രാക്ടീസ് പരീക്ഷയ്ക്ക് അവസരം. www.cee.kerala.gov.in വെബ്സൈറ്റിൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300
ഫാഷൻ ടെക്നോളജി പ്രവേശനം
തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയുടെ ബാച്ചിലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു. എൽ.ബി.എസിന്റെ പ്രവേശന പരീക്ഷ വിജയിക്കണം. വിവരങ്ങൾ www.iftk.ac.in, www.lbscentre.kerala.gov.in വെബ്സൈറ്റുകളിൽ. ഫോൺ : 9447710275, 0471-2560327.
ആയുർവേദ പ്രബന്ധ
മത്സരം
കോട്ടയ്ക്കൽ: ആയുർവേദത്തിന്റെ സമഗ്രവളർച്ചയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ ആയുർവേദാചാര്യൻ എൻ.വി.കെ. വാരിയർ, മാധവിക്കുട്ടി എന്നിവരുടെ സ്മരണാർത്ഥം കോട്ടയ്ക്കൽ ആര്യവൈദ്യശാല കേരളത്തിലെ ആയുർവേദ കോളേജുകളിലെ ബിരുദവിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു. 'ഗവേഷണത്തിന്റെ പ്രസക്തി - ആയുർവേദത്തിൽ' എന്നതാണ് വിഷയം. ഒന്നാംസമ്മാനം 10,000 രൂപ. രണ്ടാംസമ്മാനം 8,000 രൂപ. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങൾ ജൂലായ് 31നകം ലഭിക്കണം. മത്സരം സംബന്ധിച്ച നിയമാവലി ആര്യവൈദ്യശാലയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക് എന്നിവയിൽ. ഫോൺ: 0483-2742225/2746665 E-mail: publications@aryavaidyasala.com