തിരുവനന്തപുരം: പതിന്നാലുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ അച്ഛനെ കോടതി വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആർ.രേഖയാണ് പ്രതിയെ ശിക്ഷിച്ചത്. 2023ലാണ് പ്രതി ഉറങ്ങിക്കിടന്ന മകളെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊവിഡുകാലത്തും പ്രതി മകളെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെ എതിർത്ത കുട്ടിയെ പ്രതി ക്രൂരമായി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ കുട്ടിയുടെ കൈ ഒടിഞ്ഞിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. കുട്ടിയുടെ എട്ടാംവയസിൽ പ്രതിയുടെ ശാരീരിക പീഡനങ്ങൾ സഹിക്കവയ്യാതെ കുട്ടിയുടെ മാതാവ് ആത്മഹത്യ ചെയ്തു. ഇതിനു ശേഷമാണ് കുട്ടിയും പ്രതിയും തിരുവനന്തപുരത്ത് വാടകയ്ക്ക് താമസം ആരംഭിച്ചത്.കുട്ടിയുടെ ചേട്ടനും ചേച്ചിയും തമിഴ്നാട്ടിലാണ്.പീഡനം സഹിക്കവയ്യാതെ വന്നതോടെയാണ് കുട്ടി സഹപാഠികളോട് വിവരം പറഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കുട്ടിയുടെ പഠനം മുടങ്ങുകയും കുട്ടി തമിഴ്നാട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. പ്രതിക്കെതിരെ കുട്ടിയുടെ ചേച്ചിയും പൊലീസിന് മൊഴി നൽകി. പെൺമക്കളുടെ സംരക്ഷകനാകേണ്ട പിതാവുതന്നെ പീഡകനാകുന്നത് ഞെട്ടൽ ഉളവാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ്മോഹൻ, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.