hj

തിരുവനന്തപുരം: മുൻ തിരഞ്ഞെടുപ്പുകളിലൊന്നിലും ബി.ജെ.പിക്ക് ഇത്രത്തോളം അനുകൂലമായ എക്സിറ്റ് പോൾ പ്രവചനം കേരളത്തിൽ ഉണ്ടായിട്ടില്ല. പ്രവചനത്തിന് അനൂകൂലമായാണ് തിരഞ്ഞെടുപ്പ് ഫലമെങ്കിൽ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് തലപ്പൊക്കമാവും.

സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുകയും ബി.ജെ.പിയുടെ വോട്ട് ശതമാനം ഗണ്യമായി വർധിക്കുകയും ചെയ്താൽ സംസ്ഥാന രാഷ്ട്രീയത്തിലും മുന്നേറാൻ വഴിയൊരുങ്ങും. ബി.ജെ.പി നടപ്പാക്കിയ തന്ത്രങ്ങൾ രാഷ്ട്രീയമായി ഗുണം ചെയ്തുവെന്നുവേണം കരുതാൻ.

അതേസമയം, യു.ഡി.എഫ് ബഹുഭൂരിപക്ഷം സീറ്റുകൾ നേടുകകൂടി ചെയ്താൽ എൽ.ഡി.എഫിന് വൻതിരിച്ചടിയാവും. അഞ്ചോളം സീറ്റുകൾ കിട്ടുമെന്ന പ്രവചനം ശരിയായാൽ എൽ.ഡി.എഫിന് പിടിവള്ളിയാവും.

പ്രചാരണ രംഗത്ത് ആദ്യമേ ഇറങ്ങി മേൽക്കൈ നേടിയിട്ടും കാര്യമായ വിജയം നേടാൻ കഴിയാതെ വന്നാൽ ഭരണ വിരുദ്ധ വികാരമെന്ന വിലയിരുത്തൽ ശക്തമാവും. മുഖ്യമന്ത്രിയെ ഉന്നംവച്ചാവും വിമർശനങ്ങൾ.

ഭരണവിരുദ്ധവികാരം പൂർണ്ണമായും മുതലാക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും കോൺഗസിന്റെ സംഘടനാ വീഴ്ച തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിച്ചുവെന്നും വ്യാഖ്യാനമുണ്ടാവും.