തിരുവനന്തപുരം: ജോലിസമയം പത്ത് മണിക്കൂറായി കുറയ്ക്കാനുള്ള റെയിൽവേയുടെ ഉത്തരവ് തിരുവനന്തപുരം, പാലക്കാട്, സേലം, മധുര, തിരുച്ചിറപ്പള്ളി, ചെന്നൈ ഡിവിഷനുകളിലെ ലോക്കോ പൈലറ്റുമാർ ഇന്നലെ മുതൽ സ്വയം നടപ്പാക്കിത്തുടങ്ങി. ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധസൂചകമായി ഡ്യൂട്ടി സമയത്തിൽ കുറവുവരുത്തിയത്. തുടർച്ചയായി രണ്ട് നൈറ്റ് ഡ്യൂട്ടി എടുക്കില്ലെന്നും ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം അസോസിയേഷൻ സൗത്ത് സോൺ ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രതിനിധികളായ സി.എഫ്. കിഷോർ, ഡിവിഷണൽ പ്രസിഡന്റ് ആർ.എസ്. അനിൽ, ആർ.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.