
വിഴിഞ്ഞം: ചുവരുകൾക്കിടയിൽ വീണ് കുടുങ്ങിയ മയിലിന് രക്ഷകരായി ഫയർ ഫോഴ്സ്. മുക്കോല സർവ്വശക്തിപുരം ശ്രീ സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജോർജിന്റെ വീടിന്റെയും സമീപത്തെ കെട്ടിടത്തിന്റെ മതിലിന്റെയും ഇടുങ്ങിയ വിടവിൽ വീണുപോയ പെൺ മയിലിനെയാണ് വിഴിഞ്ഞത്തുനിന്നുള്ള ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മയിലിനെ വീട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് 7.30 ഓടെ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അരയടിയോളം വീതിയും ആറടിയിലേറെ താഴ്ചയുമുള്ള കുഴിയിലാണ് മയിൽ വീണത്. ഫയർഫോഴ്സിന്റെ ഹുക്കും വടവും ഉപയോഗിച്ചാണ് അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം. ഉയർത്തിയെടുത്ത മയിലിന് പരിക്കില്ലാത്തതിനാൽ പറത്തിവിട്ടു. ഗ്രേഡ് എ എസ്.ടി.ഒ ജസ്റ്റിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, ഷിജു, അഖിൽ, വിപിൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.