
തിരുവനന്തപുരം: നെയ്യാർഡാമിലെ കെ.എസ്.യു ക്യാമ്പിലുണ്ടായ കൂട്ടത്തല്ല് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിൽ സംഘടനാനേതൃത്വത്തിന് രൂക്ഷ വിമർശനം. കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ സമിതിയോട് സഹകരിച്ചില്ല.സംഘടനയ്ക്ക് അച്ചടക്കം നഷ്ടമായെന്നും അലോഷ്യസിന് തികഞ്ഞ ധാർഷ്ട്യമാണെന്നും സംഘടനാതലത്തിൽ അടിമുടി മാറ്റം വേണമെന്നും ഇന്നലെ കെ.പി.സി.സി നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ക്യാമ്പിൽ മുൻ കെ.എസ്.യു, കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിക്കുന്നതിൽ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായി. ഉദ്ഘാടന ദിനത്തിൽ രാത്രി ആവേശം സിനിമയിലെ പാട്ടിനൊപ്പം പ്രതിനിധകൾ ഡാൻസ് കളിച്ചു. കെ.എസ്.യു പ്രവർത്തകർ മദ്യപിച്ചുവെന്ന ആരോപണം റിപ്പോർട്ടിലില്ല. പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതിനിടെ നെടുമങ്ങാട് കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് അൽഅമീൻ, റയാൻ, അഷ്‌ക്കർ, ജെറിൻ എന്നിവർ ചേർന്നാണ് കൂട്ടത്തല്ലുണ്ടാക്കിയത്.
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയവരെ പദവികളിൽ നിന്ന് ഒഴിവാക്കണമെന്നും കെ.എസ്.യു സംഘടനാ ചുമതല കെ.പി.സി.സി ഭാരവാഹികളിൽ ഒരാൾക്ക് നൽകണമെന്നും ശുപാർശകളിൽ പറയുന്നു. റിപ്പോർട്ട് എ.ഐ.സി.സിക്കും എൻ.എസ.യു നേതൃത്വത്തിന് നൽകി തിരുത്തൽ നടപടികൾ ആവശ്യപ്പെടണമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ, ദളിത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ എ.കെ. ശശി എന്നിവരുടെ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.