തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ അധികാര തർക്കത്തിൽ പരിഹാരം ആവശ്യപ്പെട്ട് ബിഷപ്പിന്റെ ചുമതലയുള്ള ഡോ.മനോജ് റോയ്സ് വിക്ടറിന്റെ നേതൃത്വത്തിലുള്ള വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സഭാ ഭരണഘടന പ്രകാരം ചുമതല നിർവഹിക്കാൻ അനുവദിക്കണമെന്നും മഹായിടവക ആസ്ഥാനത്തിന്റെ നിയന്ത്രണം തഹസീൽദാറിന് കൈമാറിയിട്ടുള്ളതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തുടരുന്ന അനുരഞ്ജന നീക്കങ്ങൾ പരിശോധിച്ച് നിയമപരമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിശ്വാസികൾ ബിഷപ്പ് ഡോ.മനോജ് റോയ്സ് വിക്ടറിനെ എൽ.എം.എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ടത് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിനിടയാക്കിയിരുന്നു.

എന്നാൽ സുപ്രീംകോടതി തത്‌സ്ഥിതി തുടരാൻ ഉത്തരവിട്ടത് നിലവിലുള്ള അധികാരത്തിൽ നിന്ന് മാറിനിൽക്കാനല്ലെന്നും ബിഷപ്പിന് ചുമതല നിറവേറ്റാൻ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മറുഭാഗം വാദിക്കുന്നു. ഇരുവിഭാഗത്തിന്റെയും വാദം പരിശോധിച്ച ജില്ലാ കളക്ടറും സബ് കളക്ടറും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്.