
വക്കം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കവെ പുത്തൻ ബാഗും കുടയും പുസ്തകങ്ങളും വാങ്ങാൻ കഴിയാത്ത തങ്ങളുടെ സഹപാഠികൾക്ക് തണലാവുകയാണ് വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി പൊലീസുകാർ. സ്കൂൾ കുട്ടികൾക്ക് വേണ്ട ബാഗോ, പേനയോ, പെൻസിലോ എന്തും നിക്ഷേപിക്കാവുന്ന സ്നേഹവഞ്ചി ഒരുക്കിയിരിക്കുകയാണ് ഇവർ. ജൂൺ 1ന് ജൈത്രയാത്ര തുടങ്ങിയ സ്നേഹ വഞ്ചി വക്കത്തെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് നാളെ മുത്തശ്ശി വിദ്യാലയത്തിന്റെ മുമ്പിലെത്തും. സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അറിയപ്പെടാത്ത സഹപാഠിക്ക് തങ്ങളാൽ കഴിയുന്നതെന്തും സഹായ സഹകരണമായി ഈ സ്നേഹ വഞ്ചിയിൽ നിക്ഷേപിക്കാം. വൻസ്വീകരണമാണ് ഇതിനോടകം പി.ടി.എ, എസ്.എം.സി, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ സ്നേഹവഞ്ചിക്ക് നൽകി വരുന്നത്.