nda
nda

വെട്ടിമുറിച്ച ശേഷം പത്താം വയസിലെത്തിയ തെലുങ്കരുടെ ആന്ധ്രപ്രദേശിലും തെലങ്കാനയിലും കൃത്യമായ രാഷ്ട്രീയമാറ്റം അടയാളപ്പെടുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. ഒരുമിച്ചായിരുന്നപ്പോഴും ഒരു വശത്ത് ദേശീയ പാർട്ടിയും മറുവശത്ത് പ്രദേശിക പാർട്ടിയുമായിരുന്നു പോരടിച്ചിരുന്നത്.

ആന്ധ്രയിൽ ഇത്തവണയും പ്രധാനമത്സരം പ്രദേശിക പാർട്ടികളായ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും തമ്മിലാണെങ്കിലും തെലങ്കാനയിൽ അങ്ങനയെല്ല. അവിടെ ബി.ജെ.പി- കോൺഗ്രസ് പോരാട്ടമായി മാറിയിരിക്കുന്നു.

കരുത്തനായ കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആർ.എസ് തകർന്നടിയുമെന്നാണ് എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചന. കഴിഞ്ഞ നവംബറിൽ ഭരണം നഷ്ടപ്പെട്ട ശേഷം ബി.ആർ.എസിന് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടയിൽ തന്നെ വ്യക്തമായതാണ്. നഗരപ്രദേശങ്ങൾ കൂടുതലുള്ള തെലങ്കാനയിൽ കോൺഗ്രസ് ഭരണത്തിലെത്തുമ്പോൾ ബി.ജെ.പി മൂന്നാം സ്ഥാനത്തായിരുന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ആ സ്ഥിതി മാറും. ദക്ഷിണേന്ത്യയിൽ കർണ്ണാടകയ്ക്കു ശേഷം കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ നിൽക്കുന്ന സംസ്ഥാനമായി തെലങ്കാന മാറും.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ,​ ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അറസ്റ്റിലാവുക കൂടി ചെയ്‌തോടെ ബി.ആർ.എസിന്റെ ശക്തി ക്ഷയിച്ചു. ബി.ആർ.എസ് നേതാക്കാൾ പലരും കോൺഗ്രസിലേക്കും ബി.ജെ.പിയിലും ചേക്കേറിയതോടെ അവരുടെ വോട്ടുബാങ്കിലും വിള്ളൽ വീണു.

9 മുതൽ 12 വരെ സീറ്റുകൾ ബി.ജെ.പിക്കു കിട്ടുമെന്നും,​ 8 മുതൽ 10 വരെ സീറ്റുകൾ കോൺഗ്രസിന് കിട്ടുമെന്നും ബി.ആർ.എസ് ഒന്നോ രണ്ടോ സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനങ്ങളാകെ നൽകുന്ന സൂചന.

2019-ൽ 41.7 ശതമാനം വോട്ടു നേടി ബി.ആർ.എസ് ഒന്നാം സ്ഥാനത്തായിരുന്നു. 2018- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും, ഒരു വർഷത്തിനുശേഷം 19.7 ശതമാനം വോട്ട് വിഹിതവുമായി ബി.ജെ.പിക്ക് നാല് ലോക്‌സഭാ സീറ്റുകൾ നേടാൻ കഴിഞ്ഞു. 29.8 ശതമാനം വോട്ട് ഷെയറുമായി കോൺഗ്രസ് മൂന്നു സീറ്റ് നേടി. എ.ഐ.എം.ഐ.എമ്മിന്റെ വോട്ട് വിഹിതം 2.8 ശതമാനം ആയിരുന്നു. എ.ബി.പി.സി- വോട്ടർ സർവേ പ്രവചിക്കുന്നത് കോൺഗ്രസിനും ബി.ജെ.പിക്കും വോട്ട് വിഹിതം ഉയരുമെന്നാണ്. കോൺഗ്രസിന് 39 ശതമാനം വോട്ടും,​ ബി.ജെ.പിക്ക് 33 ശതമാനം വോട്ടും ലഭിക്കുമെന്ന് അവർ പ്രവചിക്കുന്നു.

ഹൈദരാബാദ്, നിസാമാബാദ്, കരിംനഗർ, മൽക്കാജഗിരി, സെക്കന്തരാബാദ് എന്നീ അഞ്ച് മണ്ഡലങ്ങളിലായിരുന്നു പൊരിഞ്ഞ പോരാട്ടം. അസദുദ്ദീൻ ഒവൈസിയുടെ തേരോട്ടത്തിനു തടയിടാൻ നർത്തികിയായ മാധവി ലതയെ ആണ് ബി.ജെ.പി ഇറക്കിയത്. ഈ സീറ്റ് ഒവൈസി തന്നെ നിലനിറുത്തുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. സെക്കന്തരാബാദിൽ കേന്ദ്രമന്ത്രിയും സിറ്റിംഗ് എം.പിയുമായ കിഷൻ റെഡ്ഡി ഹാട്രിക് അടിക്കുമെന്ന ബി.ജെ.പി പ്രതീക്ഷ സഫലമാകുമെന്ന സൂചനയാണ് എക്സിറ്റ് പോളുകൾ നല്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എം.പിയായിരുന്ന മൽക്കാജഗിരി നിലനിറുത്താൻ ബി.ആർ.എസ് വിട്ടുവന്ന സുനിത മഹേന്ദർ റെഡ്ഡിയെ ആണ് കോൺഗ്രസ് നിയോഗിച്ചത്. ബി.ആർ.എസ് മന്ത്രിയായിരുന്ന എട്ടല രജേന്ദർ ആണ് ബി.ജെ.പി സ്ഥാനാർത്ഥി. രാജേന്ദറിന് അനുകൂലമാണ് എക്സിറ്റ് പോൾ സൂചന.

25 സീറ്റുള്ള ആന്ധ്രപ്രദേശിൽ എൻ.ഡി.എ സഖ്യം 19 സീറ്റുവരെ നേടുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. കഴിഞ്ഞ തവണ 22 സീറ്റുകൾ നേടിയ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന് ഏഴു സീറ്റ് മാത്രമെ ലഭിക്കുകയുള്ളൂവെന്നാണ് ഫലസൂചന. കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച ടി.ഡി.പിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. ഇത്തവണ ബി.ജെ.പിക്കും ജനസേന പാർട്ടിക്കുമൊപ്പം സഖ്യം ചേർന്നാണ് ചന്ദ്രബാബു നായിഡു മത്സരിത്തിനിറങ്ങിയത്. കോൺഗ്രസിലേക്ക് തിരിച്ചത്തിയ വൈ.എസ്. ശർമ്മിള കടപ്പയിൽ ജയിക്കുമെന്ന് ഒരു സർവേയിലും പറയുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന ആന്ധ്രയിൽ ജഗൻ മോഹൻറെഡ്ഡിക്ക് ഭരണത്തുടർച്ച നിഷേധിക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. 175ൽ എൻ.ഡി.എ 111-135 സീറ്റുകൾ നേടുമ്പോൾ വൈ.എസ്.ആർ.സി.പി.യുടെ സാദ്ധ്യത 60-നു താഴെ നില്ക്കുമെന്നാണ് പ്രവചനം. 2019-ൽ 151 സീറ്റ് നേടിയാണ് വൈ.എസ്.ആർ.സി.പി അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബി.ജെ.പി ടി.ഡി.പിയുമായി സഖ്യത്തിലേർപ്പെട്ടത്. ജനസേന പാർട്ടി നേരത്തെ തന്നെ എൻ.ഡി.എയുടെ ഭാഗമായിരുന്നു. സഖ്യപരീക്ഷണം വിജയിച്ചുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു ഒരുകാലത്ത് ഐക്യആന്ധ്രപ്രദേശ്. തെലങ്കാനയ്ക്കു വേണ്ടി നടന്ന പ്രക്ഷോഭം പോലും പ്രദേശിക പാർട്ടിയായ ടി.ആർ.എസിന് അധികാരം പിടിക്കാനുള്ള കുറുക്കുവഴിയായിരുന്നു. തെലങ്കാന രൂപീകരിച്ചപ്പോൾ അധികാരത്തിലെത്തിയത് ടി.ആർ.എസ് അദ്ധ്യക്ഷൻ കെ.ചന്ദ്രശേഖരറാവു. പുതിയ ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായി ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും എത്തി. ആദ്യ തിരഞ്ഞെടുപ്പുകളിൽ ടി.ഡി.പി, ടി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ് പാർട്ടികൾ ആന്ധ്രയിലും തെലങ്കാനയിലും മത്സരിച്ചു. പിന്നീട് വൈ.എസ്.ആർ.സി.പിയും ടി.ഡി.പിയും ആന്ധ്രയിലേക്കു മാത്രം കേന്ദ്രീകരിക്കുകയായിരുന്നു.