തിരുവനന്തപുരം: ആവേശത്തോടെ തുള്ളിച്ചാടി സ്കൂളിലേക്ക് പോകുന്ന കുട്ടികൾ സൂക്ഷിക്കണം. നഗരത്തിലെ നടപ്പാതകളിലെ ഇന്റർലോക്കുകളും സ്ളാബുകളുമെല്ലാം ഇളകിക്കിടക്കുകയാണ്. ഒരുവശത്ത് സ്മാർട്ട് സിറ്റിക്കായി കുഴിച്ചിട്ടിരിക്കുന്ന കുഴികളുമുണ്ട്. ഇതെല്ലാം താണ്ടി വേണം വിദ്യാർത്ഥികൾ സ്കൂളിലെത്തേണ്ടത്.

വഞ്ചിയൂർ

വഞ്ചിയൂർ കോടതിയിൽ നിന്ന് നാലുമുക്ക്- ഉപ്പിടാംമൂടിലേക്ക് പോകുന്ന റോഡിന്റെ ഒരുവശത്തായി മാസങ്ങളായി ഇന്റർലോക്കുകൾ ഇളകിക്കിടക്കുകയാണ്. വളവ് തിരിഞ്ഞ് വാഹനങ്ങൾ ചീറിപ്പാഞ്ഞ് വരുന്ന റോഡിലൂടെയാണ് യാത്രക്കാർ നടക്കുന്നത്.

ഓവർ ബ്രിഡ്ജ്

തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ദിവസവും നൂറുകണക്കിനു യാത്രക്കാർ പോകുന്ന ഓവർ ബ്രിഡ്ജ് പരിസരത്ത് പലയിടത്തും നടപ്പാതകളിൽ ഇന്റർലോക്കുകൾ ഇളകിക്കിടക്കുകയാണ്. ഇന്റർലോക്കിൽ കാൽ തട്ടി പരിക്കേൽക്കുന്നതും പതിവാണ്.


പാ‌ളയം

പബ്ളിക് ലൈബ്രറിയിൽ നിന്ന് നന്ദാവനത്തേക്ക് പോകുന്ന റോഡിൽ എക്സൈസ് ഹെഡ്ക്വാർട്ടേഴ്സിന് സമീപത്തായി നടപ്പാതയിൽ സ്ളാബ് പൊട്ടിക്കിടക്കുകയാണ്. അടുത്ത് എത്തിയാലെ കുഴി കാണാനാവൂ. രാത്രിയിൽ പലർക്കും ഇതിൽ വീണ് പരിക്കേറ്റിട്ടുണ്ട്. മഴയത്ത് ഇതുവഴി മലിന ജലം റോഡിലേക്ക് ഒഴുകാറുണ്ട്. പാളയം ലയൺസ് ക്ളബ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സമീപത്തും സ്ലാബ് പൊട്ടിക്കിടക്കുന്നുണ്ട്. വി.ജെ.ടി ഹാളിന്റെ മുന്നിൽ സ്മാർട്ട് സിറ്റി പദ്ധതി നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും ഇതുവരെ നടപ്പാത സജ്ജീകരിച്ചിട്ടില്ല. ഇവിടെ നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്. പാറ്റൂർ- പേട്ട റോഡിന്റെ നടപ്പാതയിലും ഇന്റർലോക്ക് ഇളകിക്കിടക്കുകയാണ്.

ജനറൽ ഹോസ്പിറ്റൽ

ജനറൽ ആശുപത്രിയുടെ സമീപത്തും നടപ്പാതയിൽ അപകടം പതിയിരിക്കുന്നുണ്ട്. സ്റ്റാച്യുവിലേക്ക് പോകുന്ന റോഡ് ആരംഭിക്കുന്ന ഇരുവശങ്ങളിലും സ്മാർട്ട് സിറ്റിയുടെ ഭാഗമായി കുഴിച്ചിട്ടിരിക്കുകയാണ്. ഇതുവരെ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. മഴ പെയ്ത് വെള്ളം കൂടി നിറഞ്ഞാൽ അപകട സാദ്ധ്യത വർദ്ധിപ്പിക്കും. മുന്നറിയിപ്പ് ബോർഡുകളും ഇവിടെയില്ല.