
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ പാടില്ല. പ്രവേശനോത്സവ പരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായും നടപ്പാക്കണം. പ്രവേശനോത്സവ ഗാനം കേൾപ്പിക്കണം.
കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടും ആശങ്കകൾ പരിഹരിക്കാനും രക്ഷിതാക്കൾക്ക് ഇന്ന് അരമണിക്കൂർ ബോധവത്കരണ ക്ലാസ് നൽകും. സ്കൂൾ വളപ്പുകൾ വൃത്തിയായി സൂക്ഷിക്കാൻ തദ്ദേശവകുപ്പുമായി ചേർന്ന് ഒരുവർഷം നീളുന്ന ക്യാമ്പയിൻ സംഘടിപ്പിക്കും. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ പരിപാടികൾ നടത്തും.
വിദ്യാർത്ഥികളിൽ പകർച്ചവ്യാധികൾ ബാധിക്കുന്നത് തടയാൻ ആരോഗ്യ കേന്ദ്രങ്ങളുമായി ചേർന്ന് തുടർ പരിശോധനകൾ നടത്തും. പച്ചക്കറിത്തോട്ടം ഒരുക്കാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അയ്യായിരം രൂപ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ മേൽനോട്ട പ്രവർത്തനങ്ങൾക്കായി 14 ജില്ലകളിലും ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമാക്കും.
സമഗ്രപോർട്ടലിന്റെ പരിഷ്കരിച്ച രൂപമായ സമഗ്രപ്ലസ് ഈ അദ്ധ്യയന വർഷം മുതൽ ഏർപ്പെടുത്തും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്കായി കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ക്ളാസ് ഇതിലൂടെ നടത്തും. ഗോത്രവർഗ, തീരദേശ, തോട്ടം മേഖലയിലെ കുട്ടികൾക്കായി പ്രത്യേക പഠന പരിപോഷണ പരിപാടി നടപ്പാക്കും.
അക്കാഡമിക് നിലവാരത്തിലെ
ഇടിവ് പരിഹരിക്കും: മന്ത്രി
കൊച്ചി: രണ്ടു പതിറ്റാണ്ടിനിടെ സ്കൂളുകളിലെ അക്കാഡമിക് നിലവാരത്തിലുണ്ടായ ഇടിവ് പരിഹരിക്കാൻ പദ്ധതികൾ നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ദേശീയ പരീക്ഷകളിലുൾപ്പെടെ കേരള സിലബസ് കുട്ടികൾ പിന്നാക്കം പോകുന്ന സാഹചര്യത്തിലാണിത്.
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപ്പാക്കിയ ഓൾ പ്രൊമോഷൻ നയം മൂല്യനിർണയ പ്രക്രിയയുടെ ഗൗരവം ചോർത്തിയെന്ന സംശയം നിലനിൽക്കുന്നു.
എസ്.എസ്.എൽ.സിയിൽ 80 മാർക്കിനുള്ള എഴുത്തുപരീക്ഷയിൽ 10 ഉം 40 മാർക്കിനുള്ള പരീക്ഷയിൽ അഞ്ചും മാർക്ക് നേടിയാൽ വിജയിക്കാമെന്ന സ്ഥിതിയുണ്ട്. ഇതുമൂലം ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന കുട്ടികൾ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാനശേഷികൾ നേടുന്നുണ്ടോയെന്ന സംശയം ഉയർന്നിട്ടുണ്ട്. ഓരോ പേപ്പറിനും വിജയിക്കാൻ കുറഞ്ഞത് 30 ശതമാനം മാർക്ക് നിശ്ചയിക്കുന്നതുമൂലം പഠന ബോധനപ്രക്രിയയുടെ നിലവാരം മെച്ചപ്പെടുത്താൻ കഴിയുമോയെന്നത് പ്രാധാന്യത്തോടെ ചർച്ച ചെയ്യണം.
ലഹരിക്കെതിരെ കർശന
നിരീക്ഷണം: മന്ത്രി രാജേഷ്
തിരുവനന്തപുരം: അദ്ധ്യയനവർഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ എക്സൈസ് സജ്ജമാക്കിയതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. സ്കൂൾ പരിസരത്തു നിന്ന് ലഹരിമാഫിയയെ അകറ്റിനിറുത്താൻ ആവശ്യമായ നടപടികളാണ് സ്വീകരിച്ചത്. അദ്ധ്യയന വർഷത്തിലുടനീളം ഈ നടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ പെരുമാറ്റത്തിലും ഇടപെടലുകളിലും രക്ഷിതാക്കളും അദ്ധ്യാപകരും ശ്രദ്ധപുലർത്തണം.
അദ്ധ്യാപകർ, പി.ടി.എ, വിദ്യാർത്ഥി സംഘടനകൾ, ക്ലബ്ബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ.സി.സി, എൻ.എസ്.എസ് തുടങ്ങിയവയ്ക്ക് ലഹരിനിർമ്മാർജന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.