വർക്കല: ഒരുമിച്ചിരുന്ന് മദ്യപിക്കാൻ വിസമ്മതിച്ചതിന് വർക്കലയിൽ മകൻ അച്ഛനെ വെട്ടിപ്പരിക്കേല്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നോടെയാണ് സംഭവം. മേലെവെട്ടൂർ കയറ്റാഫീസ് ജംഗ്ഷന് സമീപം പ്രഭാമന്ദിരത്തിൽ പ്രസാദിനെയാണ് (63) മകൻ പ്രിജിത്ത് (39) മദ്യലഹരിയിൽ ആക്രമിച്ചത്.

മദ്യപിച്ച് വീട്ടിലെത്തിയ പ്രിജിത്ത് പിതാവിനോട് തന്റെ ഒപ്പം മദ്യപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച പിതാവുമായി തർക്കമുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് പ്രിജിത്ത് പ്രസാദിന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആഴത്തിലുള്ള മുറിവായതിനാൽ 20 ഓളം സ്റ്റിച്ചുകളുണ്ട്. വർക്കല പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.

പ്രിജിത്ത് പ്രസാദിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മാസങ്ങൾക്ക് മുമ്പ് പ്രസാദിന്റെ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചിരുന്നതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഭാര്യയ്‌ക്കും മകനുമൊപ്പം താമസിച്ചിരുന്ന പ്രസാദ് മകന്റെ ഉപദ്രവം കാരണം കുടുബ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. അച്ഛനും മകനും സ്ഥിരം വഴക്കിടാറുണ്ടെന്നും എന്നാൽ ചിലപ്പോഴൊക്കെ ഒരുമിച്ചു മദ്യപിച്ചിരുന്നുവെന്നും പ്രസാദിന്റെ ഭാര്യ സത്യഭാമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.